///
10 മിനിറ്റ് വായിച്ചു

ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്യാൻ ഇനി പാസ്‌വേഡ് വേണ്ട; കിടിലൻ ഫീച്ചറുമായി ഗൂഗിൾ

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ഗൂഗിൾ.ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്യാൻ ഇനി പാസ്‌വേഡ് വേണ്ട. പാസ് കീ എന്ന പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. പാസ്‌വേഡിനേക്കാൾ സുരക്ഷിതമായ മാർഗമാണ് പാസ് കീ എന്നാണ് ഗൂഗിൾ പറയുന്നത്. ഫിഡോ സഖ്യത്തിന്റെ ഭാഗമായി തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് പാസ്‌കീ കൊണ്ടുവരുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചതായി 2022ൽ തന്നെ ഗൂഗിളും മൈക്രോസോഫ്റ്റും ആപ്പിളും പ്രഖ്യാപിച്ചിരുന്നു. നിലവിൽ പാസ്‌വേഡ് ഓർമിച്ചുവെയ്ക്കാൻ ‘റിമെമ്പർ പാസ്‌വേഡ്’ ഓപ്ഷൻ ഉണ്ടെങ്കിലും അത്ര സുരക്ഷിതമല്ലാത്ത ഒന്നാണ്. എന്നാൽ പാസ്കീ കൂടുതൽ സുരക്ഷിതമാണ്. ഇതു ചോർത്തുക സാധ്യമല്ല. സ്ഥിരമായി ഉപയോഗിക്കുന്ന സ്വന്തം ഉപകരണങ്ങളിൽ മാത്രമേ പാസ് കീ പ്രവർത്തനക്ഷമമാക്കാൻ സാധിക്കുകയുളളൂ. ഭാവിയിൽ വൻകിട ടെക് കമ്പനികൾ പാസ്‌വേഡ് രഹിത രീതിയിലേക്കാണ് പോകാൻ ഉദ്ദേശിക്കുന്നതെന്നും ഗൂഗിൾ പറയുന്നു.

പാസ്‌വേഡുകൾക്ക് പകരം ഫിംഗർപ്രിന്റ്, ഫെയ്സ് സ്‌കാൻ, സ്‌ക്രീൻ ലോക്ക് പിൻ തുടങ്ങിയവ ഉപയോഗിച്ച് അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ പാസ്കീ സംവിധാനത്തിലൂടെ സാധിക്കും. ഫിഷിങ് പോലുള്ള ഓൺലൈൻ ആക്രമണങ്ങളെ ചെറുക്കാൻ ഇത് സഹായിക്കുമെന്നും ഒടിപി പോലുള്ള സംവിധാനങ്ങളേക്കാൾ സുരക്ഷിതമാണ് ഇവയെന്നും ഗൂഗിൾ പറയുന്നു. g.co/passkeys എന്ന ലിങ്ക് ഉപയോഗിച്ചോ ഗൂഗിൾ അക്കൗണ്ടിലെ സെക്യൂരിറ്റി എന്ന ഓപ്ഷൻ വഴിയോ പാസ്കീ തിരഞ്ഞെടുക്കാം. ഏത് ഉപകരണത്തിലാണോ അക്കൗണ്ട് ഉപയോഗിക്കുന്നത് അതിൽ പാസ്കീ ജനറേറ്റ് ചെയ്യാം. ഓരോ പാസ്കീയും അതത് ഉപകരണങ്ങളിൽ സേവാകും. തുടർന്ന് അക്കൗണ്ട് സൈൻ ഔട്ട് ചെയ്തതിന് ശേഷവും അതേ ഉപകരണത്തിൽ ലോഗിൻ ചെയ്യാൻ പാസ്‌വേഡിന്റെ ആവശ്യമില്ല. ഫോൺ അൺ ലോക് ചെയ്യാൻ ഉപയോഗിക്കുന്ന പാറ്റേൺ/നമ്പർ ലോക്ക്, ഫെയ്സ്/ഫിംഗർ ഡിറ്റക്ഷൻ മതിയാകും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!