കാസർകോട് : സംസ്ഥാനം കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെ കാസർകോട് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് വിവാദത്തിൽ. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ന് മുകളിലുള്ള കാസർക്കോട് പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവിട്ട് രണ്ട് മണിക്കൂറിനകമാണ് ജില്ലാ കലക്ടർ പിൻവലിച്ചത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനാൽ സമ്മർദ്ദത്തെ തുടർന്നാണ് കളക്ടർ ഉത്തരവ് പിൻവലിച്ചതെന്ന ആക്ഷേപം ഇതിനോടകം പ്രതിപക്ഷം ഉയർത്തിയിട്ടുണ്ട്. നടപടി വിവാദത്തിലായതോടെ ഇക്കാര്യത്തിൽ വിശദീകരണവുമായി കാസർക്കോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രംഗത്തെത്തി. പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് സമ്മർദ്ധത്തെ തുടർന്നല്ലെന്നും സംസ്ഥാന സർക്കാർ പരിഷ്കരിച്ച പ്രോട്ടോക്കോൾ അനുസരിച്ചാണ് നിരോധനം പിൻവലിച്ചതെന്നുമാണ് കളക്ടർ ഫേസ്ബുക്ക് പേജിലൂടെ നൽകിയ വിശദീകരണം. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിന് അനുസരിച്ചാണ് നിയന്ത്രണം വേണ്ടതെന്നാണ് പുതിയ പ്രോട്ടോക്കോളെന്നും ഇക്കാരണത്താലാണ് പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചതെന്നും കളക്ടർ പറയുന്നു.’തനിക്ക് വ്യക്തിപരമായി ഈ തിരുമാനത്തോട് യോജിപ്പാണ്.ആവശ്യമില്ലെങ്കിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്? ലോക്ഡൗൺ ബാധിക്കുന്നത് തന്നെപ്പോലുള്ള ശമ്പളക്കാരെയല്ല.സാധാരണക്കാരെയാണ്. റിക്ഷാ ഡ്രൈവർമാരാണ് കഴിഞ്ഞ ലോക്ഡൗൺ കാലയളവിൽ ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്തതെന്നും കളക്ടർ വിശദീകരിക്കുന്നു. കളക്ടർ സമ്മർദ്ധത്തിന് വഴങ്ങിയെന്ന പ്രചരണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മറുപടിയെന്നുമാണ് കളക്ടർ ഫേസ്ബുക്കിൽ കുറിക്കുന്നത്.