ടറൗബ
വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ ട്വന്റി 20യിലും ആധിപത്യം ഉറപ്പിക്കാൻ ഇന്നിറങ്ങുന്നു. അഞ്ചുമത്സര പരമ്പരയാണ്. ഇന്ന് ഇന്ത്യൻ സമയം രാത്രി എട്ടിനാണ് കളി.
മൂന്നാംഏകദിനത്തിൽ 200 റണ്ണിന്റെ കൂറ്റൻ ജയത്തോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 352 റൺ ലക്ഷ്യത്തിലേക്ക് ഒരുഘട്ടത്തിലും വിൻഡീസിന് ആത്മവിശ്വാസത്തോടെ ബാറ്റ് വീശാനായില്ല. 35.3 ഓവറിൽ 151ന് പുറത്താകുകയായിരുന്നു. 34 പന്തിൽ 39 റണ്ണുമായി പുറത്താകാതെനിന്ന സ്പിന്നർ ഗുദകേഷ് മോട്ടിയാണ് വിൻഡീസിന്റെ സ്കോർ 150ൽ എത്തിച്ചത്. 8–-88 എന്ന നിലയിൽനിന്ന് മോട്ടിയും അൽസാരി ജോസഫും (26) ചേർന്ന് 100 കടത്തുകയായിരുന്നു. ഇന്ത്യക്കുവേണ്ടി ശാർദുൽ ഠാക്കൂർ നാല് വിക്കറ്റെടുത്തു. മുകേഷ് കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവിന് രണ്ട് വിക്കറ്റുണ്ട്. എൺപത്തഞ്ച് റണ്ണെടുത്ത ഓപ്പണർ ശുഭ്മാൻ ഗില്ലായിരുന്നു മാൻ ഓഫ് ദി മാച്ച്. സഹ ഓപ്പണർ ഇഷാൻ കിഷൻ മാൻ ഓഫ് ദി സീരീസും. മൂന്ന് അർധസെഞ്ചുറികളുമായി 184 റണ്ണാണ് ഇടംകൈയൻ ഈ പരമ്പരയിൽ നേടിയത്.
മൂന്നാംഏകദിനം നടന്ന ടറൗബയിൽതന്നെയാണ് ആദ്യ ട്വന്റി 20യും. രോഹിത് ശർമയും വിരാട് കോഹ്ലിയും പരമ്പരയിൽ ഇല്ല. ഹാർദിക് പാണ്ഡ്യയാണ് ക്യാപ്റ്റൻ.റോവ്മാൻ പവലാണ് വിൻഡീസിനെ നയിക്കുന്നത്.
ഇന്ത്യൻ ടീം
യശസ്വി ജയ്സ്വാൾ, ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ/തിലക് വർമ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, യുശ്വേന്ദ്ര ചഹാൽ/കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.
വിൻഡീസ്
കൈൽ മയേഴ്സ്, ജോൺസൺ ചാൾസ്, നിക്കോളാസ് പുരാൻ, ഷായ് ഹോപ്, ഹെറ്റ്മയർ, റോവ്മാൻ പവൽ, ഹോൾഡർ, അക്കീൽ ഹൊസെയ്ൻ, അൽസാരി ജോസഫ്, ഒബെദ് മക്കോയ്, ഒഷെയ്ൻ തോമസ്.