തിരുവനന്തപുരം > ഒമ്പത് വയസുകാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവ്. പ്രതി അഴൂർ ശാസ്തവട്ടം ചരുവിള പുത്തൻ വീട്ടിൽ മനോജി (35)നെയാണ് മൂന്ന് വർഷം വെറും തടവിന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആർ രേഖ വിധി ന്യായത്തിൽ പറഞ്ഞു. പിഴ തുക കുട്ടിക്കാണ് നൽകേണ്ടത്.
2021 മാർച്ച് 3നും 20നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി റോഡിൽ കൂടി നടന്ന് പോകുമ്പോൾ മനോജ് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. അശ്ലീല പദപ്രയോഗങ്ങളും അശ്ശീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മ ഇത് ചോദ്യം ചെയ്തപ്പോൾ അമ്മയോടും പ്രതി അശ്ശീല പദപ്രയോഗങ്ങൾ ഉപയോഗിച്ചു. സംഭവത്തിൽ ഭയന്ന വീട്ടുകാർ ആദ്യ സംഭവത്തിന് ശേഷം പരാതി കൊടുത്തില്ല. പിന്നീടും ഇയാൾ ഇത് ആവർത്തിച്ചപ്പോഴാണ് ചൈൽഡ് ലൈനിൽ വിളിച്ച് പറഞ്ഞത്. ചിറയിൻകീഴ് പൊലീസ് സംഭവത്തിൽ കേസെടുത്തു. മറ്റൊരു കുട്ടിയെ അശ്ലീല വീഡിയോ കാണിച്ച കേസിൽ നിലവിൽ പ്രതി റിമാൻഡിലാണ്. റിമാൻഡിൽ കിടക്കവേയാണ് ഈ കേസിൻ്റെ വിചാരണ നേരിട്ടത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. പതിനൊന്ന് സാക്ഷികളെ വിസ്തരിച്ചു. പതിനാല് രേഖകൾ ഹാജരാക്കി. ചിറയിൻകീഴ് സബ് ഇൻസ്പെക്ടറായ വി എസ് വിനീഷാണ് കേസ് അന്വേഷിച്ചത്.