സംസ്ഥാനത്ത് ഒമ്പത് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളത്തെത്തിയ ആറു പേർക്കും തിരുവനന്തപുരത്തെത്തിയ മൂന്നു പേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ആകെ 24 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച നാലുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. നാലുപേരും തിരുവനന്തപുരം ജില്ലക്കാരായിരുന്നു. യു.കെയിൽനിന്നെത്തി ഒമിക്രോൺ സ്ഥിരീകരിച്ച 17 കാരന്റെ മാതാവ്, മുത്തശ്ശി എന്നിവർക്കും യു.കെയിൽ നിന്നെത്തിയ യുവതിക്കും നൈജീരിയയിൽ നിന്നെത്തിയ യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. യു.കെയിൽ നിന്നെത്തിയ യുവതി വിമാനത്തിലെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നു. ഇവർ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു . തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നൈജീരിയയിൽ നിന്നെത്തിയ യുവാവിന് വിമാനത്താവളത്തിലെ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇയാൾ പ്രത്യേക വാർഡിൽ ചികിത്സയിലായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഒമിക്രോണാണെന്ന് കണ്ടെത്തിയത്.