നടുറോഡിൽ ഓണാഘോഷം സംഘടിപ്പിച്ച് പോലീസ്.തൃശൂർ വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വടം വലിയുൾപ്പെടെയുള്ള ഓണാഘോഷ പരിപാടികൾ നടുറോഡിൽ സംഘടിപ്പിച്ചത്. ഓണാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. നിയമപാലകർ തന്നെ നിയമം ലംഘിച്ച് റോഡിൽ ഓണാഘോഷം നടത്തിയതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ചൊവ്വാഴ്ചയായിരുന്നു വടക്കേക്കാട് പൊലീസിന്റെ ഓണാഘോഷ പരിപാടികൾ.സ്റ്റേഷന് മുൻപിലുള്ള പൊതുമരാമത്ത് റോഡിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ഗുരുവായൂർ- പൊന്നാനി സംസ്ഥാന പാതയക്ക് സമാന്തരമായ പാതയാണിത്. നടു റോഡിൽ വടം വലി, കസേര കളി തുടങ്ങിയ മത്സരങ്ങൾ ആയിരുന്നു ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്.