കണ്ണൂർ: ‘തിരുവോണനാൾ വൃത്തിയുള്ള നഗരം’ എന്ന ലക്ഷ്യവുമായി ഉത്രാടരാത്രിതന്നെ നഗരത്തിലെ മാലിന്യം ദ്രുതഗതിയിൽ നീക്കി.
ഓണക്കാല കച്ചവടത്തിനുശേഷം നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട മാലിന്യം ഓണത്തലേന്നുതന്നെ നീക്കിയത് കോർപ്പറേഷൻ അധികൃതർ. നഗരത്തിൽ ഏറ്റവുമധികം കച്ചവടം നടന്നതും ഏറ്റവുമധികം മാലിന്യം തള്ളിയതുമായ സ്റ്റേഡിയം കോർണർ, പഴയ ബസ്‌സ്റ്റാൻഡ് എന്നിവിടങ്ങളാണ് ഓണത്തലേന്നുതന്നെ മാലിന്യം നീക്കി സുന്ദരമാക്കിയത്.
മേയർ ടി.ഒ. മോഹനന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ആരോഗ്യവിഭാഗം ജീവനക്കാരാണ് മഴയെ അവഗണിച്ച് മാതൃകാപരമായ പ്രവർത്തനം നടത്തിയത്.പ്ലാസ്റ്റിക് മാലിന്യം പ്രത്യേകമായി ശേഖരിച്ചു.
പൂക്കളുടെ അവശിഷ്ടങ്ങളും ചപ്പുചവറുകളും മറ്റ് മാലിന്യവും യഥാവിധി നീക്കി. ഡെപ്യൂട്ടി മേയർ കെ. ഷബീന, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എം.പി. രാജേഷ്, കൗൺസിലർ കെ.പി. റാഷിദ് എന്നിവർ നേതൃത്വം നൽകി.