/
12 മിനിറ്റ് വായിച്ചു

ഓണ സമൃദ്ധി: കണ്ണൂർ ജില്ലയിൽ 143 ഓണക്കാല ചന്തകളുമായി കൃഷി വകുപ്പ്

കണ്ണൂർ:ഓണക്കാലത്ത് കാർഷിക ഉൽപന്നങ്ങളുടെ വിപണന വില നിയന്ത്രിക്കാൻ കൃഷി വകുപ്പ് ജില്ലയിൽ ‘ഓണ സമൃദ്ധി 2022’ എന്ന പേരിൽ 143 കർഷക ചന്തകൾ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനവും ആദ്യവിൽപ്പനയും കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു. കർഷകൻ പി വി നിസാമുദ്ദീൻ ഏറ്റുവാങ്ങി.

89 കൃഷിഭവൻ പരിധികളിലും അഞ്ച് ഫാമുകളിലും ആറ് അനുബന്ധ ഓഫീസുകളിലുമായി കൃഷി വകുപ്പ് നേരിട്ട് നടത്തുന്ന 107 ചന്തകളാണുണ്ടാവുക.ബാക്കി 30 എണ്ണം ഹോർട്ടികോർപ്പിന്റെയു ആറെണ്ണം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെയുമാണ്.

പയ്യന്നൂർ ബ്ലോക്കിൽ 10, തളിപ്പറമ്പ് 15, കല്യാശ്ശേരി ഒമ്പത്, കണ്ണൂർ ഒമ്പത്, എടക്കാട് ഒമ്പത്, തലശ്ശേരി 12, പാനൂർ ഏഴ്, കൂത്തുപറമ്പ് ഒമ്പത്, പേരാവൂർ എട്ട്, ഇരിട്ടി ഒമ്പത്, ഇരിക്കൂർ 10 എന്നിങ്ങനെയാണ് കൃഷി വകുപ്പിന്റെ ചന്തകളുടെ എണ്ണം. കരിമ്പത്തെ ജില്ലാ ഫാം, കാങ്കോൽ, വേങ്ങാട്, ടി ഇന്റു ഡി ചാലോട്, കോക്കനട്ട് നഴ്സറി പാലയാട് എന്നിവയാണ് ഓണ വിപണി ഒരുക്കിയ ഫാമുകൾ.

പച്ചക്കറികൾക്ക് പുറമേ പഴവർഗങ്ങളും ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ ഉൽപാദിപ്പിച്ച മൂല്യവർധിത ഉൽപന്നങ്ങളും ഇവിടങ്ങളിൽ ലഭ്യമാണ്. ജില്ലയിലെ കർഷകരുടെ ഉൽപന്നങ്ങൾക്കു പുറമേ വയനാട്, പാലക്കാട്, ഇടുക്കി തുടങ്ങിയ ജില്ലകളിലെ കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികളും ലഭ്യമാണ്.

പൊതുവിപണിയിലെ സംഭരണവിലയേക്കാൾ 10 ശതമാനം അധികം നൽകിയാണ് കർഷകരിൽ നിന്ന് പച്ചക്കറികൾ സംഭരിക്കുന്നത്. വിപണി വിലയേക്കാൾ 30 ശതമാനം കുറവിലാണ് വിൽപ്പന. ഞായറാഴ്ച ആരംഭിച്ച ചന്തകൾ സെപ്റ്റംബർ ഏഴ് വരെ തുടരും. ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോറുകളും ഏഴു വരെ വിവിധ കേന്ദ്രങ്ങളിൽ യാത്ര നടത്തുന്നുണ്ട്.

ചടങ്ങിൽ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം എൻ പ്രദീപൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഇ കെ അജിമോൾ പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി ഡയറക്ടർമാരായ എ ആർ സുരേഷ്, എ സുരേന്ദ്രൻ, അസി.ഡയറക്ടർ സി വി ജിതേഷ്, അസി.പ്രിൻസിപ്പൽ കൃഷി ഓഫീസർ തുളസി ചെങ്ങാട്ട്, കൃഷി ഓഫീസർ ഇ പ്രമോദ്, അസി. സോയിൽ കെമിസ്റ്റ് ലയ ജോസ്, ടെക്നിക്കൽ അസിസ്റ്റന്റ് ബേബി റീന എന്നിവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!