വിദേശത്തേക്ക് ജോലിക്ക് പോകുന്നവർക്ക് ഇനി മുതൽ സംസ്ഥാന പൊലീസിൽ നിന്നും ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കില്ല. സ്വഭാവം നല്ലതാണെന്ന സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാരിന് മാത്രമാണ് അവകാശമെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് തീരുമാനം.ഇത് സംബന്ധിച്ചുളള സർക്കുലർ സംസ്ഥാന പൊലീസ് മേധാവി ഇറക്കി. നേരത്തെ ലഭിച്ചിരുന്ന ‘പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്’ എന്നതിനു പകരം ‘കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല’ എന്ന സർട്ടിഫിക്കറ്റാകും ഇനി ലഭിക്കുക. എന്നാൽ സംസ്ഥാനത്തിന് അകത്തുളള ജോലിയാവശ്യങ്ങൾക്കാകും ഇത് നൽകുക. അപേക്ഷകന്റെ പേരിൽ ട്രാഫിക്, പെറ്റി കേസുകൾ ഒഴികെ ക്രിമിനൽ കേസുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് ലഭിക്കില്ല. പകരം, അപേക്ഷന്റെ പേരിലുളള കേസ് വിവരങ്ങളടങ്ങിയ കത്താവും ലഭിക്കുക. തെറ്റായ വിവരങ്ങളാണ് അപേക്ഷകൻ നൽകുന്നതെങ്കിൽ സർട്ടിഫിക്കറ്റ് നിരസിക്കും.സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി ജില്ലാ പൊലീസ് മേധാവിക്കോ അല്ലെങ്കിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കോ ആണ് അപേക്ഷ നൽകേണ്ടത്. 500 രൂപയാവും ഇതിനായി ഈടാക്കുന്നത്. ചിലരാജ്യങ്ങളിൽ ജോലി ലഭിക്കണമെങ്കിൽ സ്വഭാവം മികച്ചതാണെന്ന സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന വന്നതോടെയാണ് ഹൈക്കോടതിയിൽ ഹർജി വന്നത്. ഈ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്രസർക്കാരിനോ സർക്കാർ ചുമതലപ്പെടുത്തുന്ന വർക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. കുവൈറ്റിലെ ജോലിക്ക് ഇത്തരം സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും റീജണൽ പാസ്പോർട്ട് ഓഫീസിൽനിന്ന് ഇതുനൽകുന്നുണ്ടെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ഉദ്ധരിച്ചാണ് കേരള ഹൈക്കോടതി ഉത്തരവിറക്കിയത്.