പി സി ചാക്കോ വീണ്ടും എന്‍സിപി സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന അദ്ധ്യക്ഷനായി പി സി ചാക്കോയുടെ പേര് എ കെ ശശീന്ദ്രനാണ് നിര്‍ദേശിച്ചത്. തോമസ് കെ തോമസ് പിന്താങ്ങി. പി സി ചാക്കോയെ പ്രസിഡന്റാക്കാന്‍ എ കെ ശശീന്ദ്രന്‍ തോമസ് കെ തോമസ് വിഭാഗങ്ങള്‍ നേരത്തെ സമവായത്തിലെത്തിയിരുന്നു.എന്നാല്‍ പി സി ചാക്കോയെ തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് എന്‍സിപി സംസ്ഥാന ജനറല്‍ കൗണ്‍സിലില്‍ നിന്ന് മുന്‍ ദേശീയ നേതാവ് ഇറങ്ങി പോയി.
മലപ്പുറത്ത് നിന്നുള്ള നേതാവ് എന്‍ എ മുഹമ്മദ് കുട്ടിയാണ് ഇറങ്ങി പോയത്.സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം നിരാകരിച്ചുവെന്ന് മുഹമ്മദ് കുട്ടി പ്രതികരിച്ചു. ജനാധിപത്യ രീതിയിലല്ല തെരഞ്ഞെടുപ്പ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.ബാക്കിയുള്ള ഭാരവാഹികള്‍ പിന്നീട് അദ്ധ്യക്ഷന്‍ നിര്‍ദേശിക്കുകയാണ് ചെയ്യുക.
നേതൃത്വം മാറണം എന്ന ചിന്ത പാര്‍ട്ടിയില്‍ ഇല്ലെന്ന് എ കെ ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഇല്ലായെന്നും മത്സരമുണ്ടാകുമെന്നത് വാര്‍ത്ത മാത്രമാണെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.