പിടി ഉഷ ഇന്ന് രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്യും.രാവിലെ 11 മണിക്ക് ആണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ പിടി ഉഷ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.സുരേഷ് ഗോപിയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നും പിടി ഉഷയെ ബിജെപി എംപിയായി നിയോഗിക്കുന്നത്.കായിക താരം എന്ന നിലയിൽ രാഷ്ട്രപതി രാംനാഥ് ഗോവിന്ദാണ് പിടി ഉഷയെ എംപി ആയി ശുപാർശ ചെയ്തത്.സത്യപ്രതിജ്ഞ ചടങ്ങുകൾ കാണാൻ പിടിഷയുടെ കുടുംബവും ഇന്ന് പാർലമെന്റിൽ എത്തും.
കേരളത്തിന്റെ പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന പിടി ഉഷയുടെ രാജ്യസഭാംഗത്വം കേരളത്തിലെ കായിക രംഗത്തിനും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ടോക്കിയോ ഒളിംപിക്സില്‍ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടുന്നതുവരെ ഇന്ത്യന്‍ അത്ലറ്റിക്സിനെ ഒറ്റപ്പേരിലേക്ക് ആറ്റിക്കുറുക്കേണ്ടിവന്നാല്‍ ഒരു മുഖചിത്രമേ ഉണ്ടായിരുന്നുള്ളു, പയ്യോളി എക്സ്പ്രസ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പി ടി ഉഷയുടേത്. സെക്കന്‍ഡിന്റെ നൂറിലൊരു അംശത്തില്‍ ഒളിംപിക് മെഡല്‍ കൈവിട്ട ഉഷയുടെ നഷ്ടം രാജ്യത്തിന്റെ കണ്ണീരായിരുന്നു.
പയ്യോളി കടപ്പുറത്തുനിന്നാണ് ഉഷ ഓടിത്തുടങ്ങിയത്. പിന്നീട് ദേശീയ സ്കൂള്‍ കായികമേളകളില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു. 1979ല്‍ നാഗ്പൂരിലെ ദേശീയ സ്കൂള്‍ കായികമേളയും ഹൈദരാബാദിലെ ദേശീയ അത്ലറ്റിക് മീറ്റും വരവറിയിച്ച ഉഷ 100, 200 മീറ്ററുകളില്‍ സ്വന്തം റെക്കോര്‍ഡുകള്‍ പലതവണ തിരുത്തിക്കുറിച്ചു.
അതേസമയം, രാജ്യസഭാ എംപിയായി നാമനിർദേശം ചെയ്യപ്പെട്ടതിന് പിന്നാലെ പി ടി ഉഷക്ക് നേരെ സിപിഎം നേതാവ് എളമരം കരീം ഒളിയമ്പെയ്തിരുന്നു. സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ വിരമിച്ചതിന്റെ അടുത്തമാസം രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നും കരീം പറഞ്ഞു.