കാസര്‍കോട്: ഒരു വ്യക്തിയുടെ ജീവിതം നൊടിയിടയിൽ മാറ്റി മറിക്കാൻ ലോട്ടറികൾക്ക് സാധിക്കാറുണ്ട്. കടബാധ്യത മൂലം ആത്മഹത്യയുടെ വക്കിൽ വരെ നിന്നവരെ കൈപിടിച്ചുയർത്താൻ ഭാഗ്യക്കുറികൾക്ക് സാധിച്ചു. ഇപ്പോഴിതാ തന്റെ കടബാധ്യത തീർക്കാനായി ആഗ്രഹിച്ച് പണികഴിച്ച വീട് വിൽക്കാനൊരുങ്ങിയ ആൾക്ക് ഒരുകോടിയുടെ ഭാഗ്യം ലഭിച്ചിരിക്കുകയാണ്.
മഞ്ചേശ്വരത്തെ പെയിന്റിങ് തൊഴിലാളി പാവൂരിലെ മുഹമ്മദ് എന്ന ബാവയ്ക്കാണ് കേരള ഭാഗ്യക്കുറിയുടെ സമ്മാനം ലഭിച്ചത്. ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി- ഫിഫ്റ്റിയുടെ ഒന്നാം സമ്മാനം ഇദ്ദേഹത്തെ തേടി എത്തുക ആയിരുന്നു. 50 ലക്ഷത്തോളം കടമുള്ള ബാവ വീട് വിൽക്കാൻ തീരുമാനിച്ച് അതിനുള്ള ടോക്കണ്‍ അഡ്വാന്‍സ് തിങ്കളാഴ്ച വാങ്ങാനിരിക്കെയാണ് ഭാഗ്യമെത്തിയത്.
അഞ്ച് മക്കളാണ് ഇദ്ദേഹത്തിനുള്ളത്. നാല് പെണ്‍മക്കളും ഒരാണും. രണ്ട് പെണ്‍മക്കളെ കല്യാണംകഴിച്ചു വിട്ടു. കല്യാണ ചെലവും വീട് നിര്‍മാണവും കഴിഞ്ഞപ്പോഴാണ് ബാവ ഇത്രയും ലക്ഷത്തിന്റെ കടക്കാരനാവുന്നത്. ഇതിനിടയിൽ തന്നെ മകനെ ഖത്തറിലേക്ക് അയക്കുന്നതിനും ബാവ പലിശക്ക് പണമെടുത്തു. കടം തീർക്കാനുള്ള വഴി തേടി ബാവ പലരുടെ മുന്നിലും സഹായമഭ്യർത്തിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം. ഒടുവിൽ കൈത്താങ്ങായി ഭാഗ്യദേവതയും എത്തി.
എന്നെങ്കിലും ഭാഗ്യം തുണയ്ക്കുമെന്ന പ്രതീക്ഷയിൽ സ്ഥിരമായി ലോട്ടറിയെടുക്കുന്ന ആളായിരുന്നു ബാവ. ഹൊസങ്കടിയിലെ ന്യു ലക്കി സെന്ററിൽ നിന്നാണ് സമ്മാനാർഹമായ എഫ്.എഫ് 537904 നമ്പർ ലോട്ടറി ടിക്കറ്റ് ബാവ എടുത്തത്. ലോട്ടറി അടിച്ചില്ലായിരുന്നുവെങ്കിൽ ഇതുവരെയുള്ള അധ്വാനത്തിലൂടെ വച്ച വീട് വിറ്റ് താനും കുടുംബവും വാടകവീട്ടിലേക്ക് മാറേണ്ടി വരുമായിരുന്നുവെന്ന് ബാവ പറഞ്ഞു.