പാപ്പിനിശേരി:ജനകീയ കൂട്ടായ്മയുടെയും പ്രവർത്തന മികവിന്റെയും അംഗീകാരമായി പാപ്പിനിശേരിക്ക് മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി. 2020-–-21 വർഷത്തെ കണ്ണൂർ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരമാണ് ലഭിച്ചത്. 155 പോയിന്റാണ് പാപ്പിനിശേരി കരസ്ഥമാക്കിയത്. 2016-–-17 സാമ്പത്തിക വർഷം മുതൽ 20-21 വരെ തുടർച്ചയായി വിവിധതലങ്ങളിൽ സ്വരാജ് ട്രോഫി നേടുന്ന സംസ്ഥാനത്തെ മികച്ച പഞ്ചായത്തെന്ന നേട്ടവും പാപ്പിനിശേരിക്ക് സ്വന്തം. 2016––17ൽ ജില്ലയിൽ ഒന്നും സംസ്ഥാനത്ത് മൂന്നും സ്ഥാനം നേടി.2017––18, 2018-–-19, 2019 -–- 20 വർഷങ്ങളിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനം നേടി.ദേശീയതലത്തിൽ മികച്ച പഞ്ചായത്തിനുള്ള ജിപിഡിപി പുരസ്കാരം, ഭീൻ ദയാൽ ഉപാധ്യായ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.പഞ്ചായത്തിൽ തുടർച്ചയായി നൂറു ശതമാനം പദ്ധതി നടത്തിപ്പും നികുതി പിരിവും പൂർണമാക്കി. മാലിന്യസംസ്കരണത്തിനും നിർമാർജനത്തിനും മുന്തിയ പരിഗണനയാണ് നൽകുന്നത്. കോഴിമാലിന്യമടക്കം സംസ്കരിക്കുന്നതിനുള്ള റണ്ടറിങ് പ്ലാന്റ് സ്ഥാപിച്ച് സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തനം സുഗമമായി നടത്തുന്നു. പ്രതിദിനം 10.5 ടൺ അവശിഷ്ടം സംസ്കരിക്കുന്നു. ലഭിക്കുന്ന വളം ആന്ധ്രാപ്രദേശിലേക്ക് കയറ്റുമതി ചെയ്യും. ദേശീയപാതയോരത്തും പുഴയിലും തണ്ണീർത്തടങ്ങളിലും വലിച്ചെറിയുന്ന മാലിന്യം സംസ്കരിക്കാനും വഴിയൊരുക്കി. എല്ലാമാസവും ആറാമത്തെ പ്രവൃത്തി ദിവസം പകൽ മൂന്നിന് പൊതുജനങ്ങൾക്കായി സ്ഥാപിച്ച പരാതിപ്പെട്ടി തുറന്ന് പരാതി പരിശോധിക്കും. പഞ്ചായത്ത് അംഗങ്ങളുടെ ഹാജർ നില പരസ്യപ്പെടുത്താൻ സ്ഥിരം സംവിധാനമുണ്ട്. വികസന – ക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ ഭരണസമിതിയോടൊപ്പം ജീവനക്കാരും നാട്ടുകാരും ഒരേ മനസോടെ പ്രവർത്തിക്കുന്നതാണ് നേട്ടങ്ങൾക്ക് കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ വി സുശീല പറഞ്ഞു. എൻ പ്രീജിത്താണ് പഞ്ചായത്ത് സെക്രട്ടറി.