തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ ഇന്ന് രാത്രി നടക്കുന്ന ആറാട്ടിൽ ആനയെ എഴുന്നള്ളിക്കുന്നത് സർക്കാർ തടഞ്ഞു. 15 ആനയെ എഴുന്നള്ളിക്കാൻ കളക്ടർ അനുമതി നൽകിയിരുന്നു. ഇതു പിൻവലിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി കളക്ടർക്ക് അടിയന്തര സന്ദേശം നൽകി. ഇതോടെ ഇന്നത്തെ ആറട്ട് നടത്തിപ്പ് ആശങ്കയിലായി. 2013 ലെ വനം വകുപ്പ് സർക്കുലർ പ്രകാരം പുതിയ ഉത്സവങ്ങൾക്ക് അനുമതി നൽകരുതെന്ന് കലക്ടർക്ക് പരാതി ലഭിച്ചിരുന്നു. എന്നാൽ എഴുന്നള്ളിപ്പ് തടയരുതെന്നും നിരുത്സാഹപ്പെടുത്തണം എന്നുമാത്രമാണ് സുപ്രീം കോടതി ഉത്തരവ് എന്ന് നാട്ടാന നിരീക്ഷണ സമിതി കളക്ടറെ അറിയിച്ചു. ഇതോടെയാണ് തീരുമാനം സർക്കാരിന് വിട്ടത്. തുടർന്ന് വനം വകുപ്പ് സർക്കുലർ അനുസരിച്ച് എഴുന്നള്ളിപ്പ് അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു.ആറാട്ടിനായി എല്ലാ അനുമതിയും നൽകിയ ശേഷം അതു പിൻവലിക്കുകയാണെങ്കിൽ കലക്ടർക്കെതിരെ കോടതിയെ സമീപിക്കുമെന്നും എന്നാൽ ആറാട്ട് തടയുമെന്നു തങ്ങൾ കരുതുന്നില്ലെന്നും പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി. സുപ്രീം കോടതി വിധി തോന്നിയതുപോലെ വ്യാഖ്യാനിക്കാനാകില്ല. കൂടാതെ ഉത്സവം നടത്തരുതെന്നാണ് വനം വകുപ്പ് ഉത്തരവിട്ടിട്ടുള്ളത്. ഇങ്ങനെ ഉത്തരവിടാൻ വനം വകുപ്പിന് അധികാരമില്ലെന്നും ദേവസ്വം ചൂണ്ടിക്കാട്ടി.