ശാസ്ത്രം ജന നന്മയ്ക്ക് – ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യമുയർത്തി ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള സംസ്ഥാന പദയാത്രയുടെ കണ്ണൂർ ജില്ലാ സമാപനം ഫെബ്രുവരി 1നു ബുധനാഴ്ച ചൊക്ളിയിൽ നടക്കും. കലാജാഥ അവതരണവും ഇതിന്‍റെ ഭാഗമായി നടക്കും.
സ്വാതന്ത്ര്യത്തിന്‍റെ 75 വാർഷികവും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ അറുപതാം വാർഷികവും ബന്ധപ്പെടുത്തി വിപുലമായ ഒരു ജനകീയ കാമ്പയിനു ഈ വർഷം പരിഷത്ത് രൂപം നൽകിയിരിക്കുകയാണ്. ശാസ്ത്രബോധത്തിൽ അധിഷ്ഠിതമായ സാമൂഹികമാറ്റത്തിനായി അണിനിരക്കാനും പ്രവർത്തിക്കാനും ജനങ്ങളോട് അഭ്യർത്ഥിക്കുന്നതാണ് ജന നവ കാമ്പയിൻ ലക്‌ഷ്യം വെക്കുന്നത്.
ഇതിന്‍റെ ഭാഗമായി ചൊക്ലി ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ വൈസ് പ്രസിഡൻറ് എം.ഒ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി. ഹരീന്ദ്രൻ, പി.കെ. സുധാകരൻ എന്നിവർ വിശദീകരണം നടത്തി. പി.കെ. മോഹനൻ, റഫീഖ് കുറൂളിൽ, കെ. പ്രദീപ്‌കുമാർ, ടി.വി. രാജീവൻ, എ. രാഘവൻ എന്നിവർ സംസാരിച്ചു. ടി.സി. പ്രദീപൻ സ്വാഗതവും പി.പി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികളായി കെ. മുരളീധരൻ എം.പി, എ.എൻ. ഷംസീർ എം.എൽ.എ , ഇ. വിജയൻ മാസ്റ്റർ , എസ്.എൻ. ഫൗസി (രക്ഷാധികാരികൾ), സി.കെ. രമ്യ (ചെയർ പേഴ്സൺ), എം.ഒ. ചന്ദ്രൻ, പി.കെ. മോഹനൻ, കെ.ടി.കെ. പ്രദീപൻ, വി. ഉദയൻ മാസ്റ്റർ, എം. ഉദയൻ, പി.കെ. യൂസഫ് മാസ്റ്റർ, കെ. പ്രദീപൻ, അജിത ചേപ്രത്ത്, പി.പി. രവീന്ദ്രൻ (വൈസ് ചെയർ), ടി.സി. പ്രദീപൻ (ജന.കൺ.), എ. ഹരിശ്ചന്ദ്രൻ, കെ. പ്രദീപ്‌കുമാർ, സിറോഷ്‌ലാൽ ദാമോദരൻ (ജോ. കൺ.) എന്നിവരെ തെരഞ്ഞെടുത്തു.
വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു.
പുസ്തക പ്രചാരണം, അന്ധവിശ്വാസത്തിനെതിരെ ശാസ്ത്രബോധത്തിന്‍റെ കൈത്തിരിയേന്തുക – ജനസംവാദ സദസ്സുകൾ, ജ്യോതിശാസ്ത്ര സായാഹ്നം, ‘സന്തോഷമുള്ള കുടുംബം, സന്തോഷമുള്ള സമൂഹം’ – അയൽപക്ക സദസുകൾ , വിജ്ഞാനോത്സവം, യുവ സംഗമം, വിവിധ മത്സരങ്ങൾ, അങ്കണവാടി അധ്യാപക പരിശീലനം, വിദ്യാഭ്യാസ ചർച്ച എന്നിവയെല്ലാം അനുബന്ധമായി നടക്കും.
ജനസംവാദത്തിന്‍റെ പഞ്ചായത്ത് തല പരിശീലനം ജനുവരി 7ന് ശനിയാഴ്ച ഉച്ചക്ക് 2 മണി മുതൽ ചൊക്ലി പഞ്ചായത്ത് ഹാളിൽ നടക്കും. ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ദേവരാജൻ പരിശീലനത്തിന് നേതൃത്വം നൽകും.