പയ്യാമ്പലം ∙ സഞ്ചാരികൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ നിറഞ്ഞ് പയ്യാമ്പലത്തെ തീരം മനസ്സുമടുപ്പിക്കുന്ന കാഴ്ചയി മാറിയ സാഹചര്യത്തിൽ മെഗാ ശുചീകരണ ദൗത്യവുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി). ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ചാണ് രണ്ടു ദിവസത്തെ ശുചീകരണ പ്രവൃത്തിക്കു തുടക്കമിട്ടത്. ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ശുചീകരണ ചുമതല നിർവഹിക്കുന്ന കുടുബശ്രീ പ്രവർത്തകർ കൈകോർത്ത് ഇറങ്ങിയാണ് പയ്യാമ്പലം ശുചീകരിക്കാൻ തുടങ്ങിയത്.അറുപതോളം പേരാണ് ഇന്നലെ ശുചീകരണത്തിന് ഉണ്ടായിരുന്നത്. ഒറ്റ ദിവസം കൊണ്ട് ഒരു ലോഡിലേറെ മാലിന്യം ഇവർ ശേഖരിച്ചു. ഇവ വേർതിരിച്ച ശേഷം ക്ലീൻ കേരള കമ്പനി നീക്കം ചെയ്യും. നടപ്പാതയോടു ചേർന്നുള്ള ഭക്ഷണ അവശിഷ്ടങ്ങളും കുപ്പികളുമാണ് ഏറെയും. ഡിടിപിസിയുടെ നേതൃത്വത്തിൽ മാലിന്യക്കൂടകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിൽ ഇടാതെ വലിച്ചെറിയുകയാണ് സന്ദർശകരിൽ ഏറെപ്പേരും. അനധികൃത കച്ചവടക്കാരും അവർ തള്ളുന്ന മാലിന്യങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പത്തോളം ശുചീകരണ ജീവനക്കാർ പതിവായി ഇവിടെയുണ്ടെങ്കിലും അവർക്ക് നീക്കാവുന്നതിലേറെ മാലിന്യമാണ് ഓരോ ദിവസവും സന്ദർശകർ ഇവിടെ വലിച്ചെറിയുന്നത്. തീരത്ത് ക്യാമറകൾ സ്ഥാപിക്കുകയും ഫൈൻ ഈടാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുകയും ചെയ്താൽ മാത്രമേ ഇതിനു മാറ്റം വരാനിടയുള്ളു എന്ന അഭിപ്രായവും സന്ദർശകർക്കിടയിൽ നിന്ന് ഉയരുന്നുണ്ട്.തീരത്ത് അപകടകരമായ രീതിയിൽ കാടുവളർന്നു നിൽക്കുന്ന ഭാഗങ്ങളുമുണ്ട്.ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ ഈ കാടുകളിലേക്ക് വലിച്ചെറിയുന്നതു കാരണം തെരുവുനായ്ക്കളുടെ ശല്യവും വ്യാപകമാണ്. തീരത്തെ കുറ്റിക്കാടുകൾ ഇന്ന് യന്ത്രസഹായത്തോടെ വെട്ടി നീക്കുമെന്ന് ഡിടിപിസി സെക്രട്ടറി ജെ.കെ.ജിജേഷ് കുമാർ പറഞ്ഞു. പയ്യാമ്പലത്തെ സുന്ദരമായി നിലനിർത്താൻ ഇടയ്ക്കിടെ ഇത്തരത്തിൽ മെഗാ ശുചീകരണം നടത്തും. എങ്കിലും തീരത്ത് ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതെയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം തള്ളാതെയും ശുചിയായി സൂക്ഷിക്കാൻ എല്ലാവരുടെയും സഹകരണം വേണമെന്നും ഡിടിപിസി അഭ്യർഥിച്ചു.