കണ്ണൂർ ∙ 3 വർഷം മുൻപ് ആരംഭിച്ച പയ്യാമ്പലം പാർക്ക് നവീകരണം പൂർത്തിയായി. 99,97,101 രൂപയുടെ നവീകരണ പ്രവർത്തനമാണ് ഇവിടെ നടത്തിയിട്ടുള്ളത്. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് പാർക്ക് നവീകരണം വൈകിയത്. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് പാർക്ക് നവീകരണം നടത്തിയത്.കൊച്ചി വാപ്കോസ് ലിമിറ്റഡ് ആണു നിർമാണം ഏറ്റെടുത്തത്. പ്രവേശനത്തിന് 20 രൂപയാണ് ഫീസ്. പാർക്കിനോട് അനുബന്ധിച്ച് അഡ്വഞ്ചർ പാർക്കും ഡിടിപിസി സജ്ജമാക്കുന്നുണ്ട്. ഒരു കോടി രൂപയുടെ നിർമാണമാണ് അഡ്വഞ്ചർ പാർക്കിനായി നടത്തുന്നത്. നവീകരണത്തിന്റെ ഭാഗമായി കുട്ടികളുടെ പാർക്ക്, കളിയുപകരണങ്ങൾ, കൈവരികൾ, ഇരിപ്പിടങ്ങൾ, ശൗചാലയങ്ങൾ, ലഘുഭക്ഷണശാല, കോഫീ ഷോപ്പ്, പ്രവേശന കവാടം, വെളിച്ചത്തിനുള്ള സൗകര്യം, ടിക്കറ്റ് കൗണ്ടർ എന്നിവ നവീകരിച്ചിട്ടുണ്ട്.സെക്യൂരിറ്റി കാബിൻ, ശിൽപി കാനായി കുഞ്ഞിരാമന്റെ പ്രശസ്തമായ അമ്മയും കുഞ്ഞും ശിൽപം എന്നിവയുടെ നിർമാണം ഉടൻ പൂർത്തിയാക്കും.
ആശങ്കയ്ക്ക് ആശ്വാസം
പയ്യാമ്പലം ബീച്ചിലെത്തുന്നവർ ഏറെയും പാർക്കും സന്ദർശിക്കാറുണ്ട്. ബീച്ചിൽ ശൗചാലയം ഇല്ലാത്തതിനാൽ ആളുകൾക്ക് ആശ്രയം പാർക്കിലെ ശൗചാലയമായിരുന്നു. എന്നാൽ പാർക്ക് അടച്ചിട്ടതോടെ പ്രാഥമിക സൗകര്യം നടത്താനാകാതെ ബീച്ചിലെത്തുന്നവർ ബുദ്ധിമുട്ടുകയാണ്. ഇപ്പോൾ പാർക്ക് തുറന്നു നൽകുന്നതോടെ ഈ പ്രയാസം പരിഹരിക്കാനാകും.
തുരുമ്പെടുത്ത ഭൂതകാലം
തുരുമ്പെടുത്ത ഇരുമ്പുകമ്പികൾ, പൊട്ടിപ്പൊളിഞ്ഞ സ്ലൈഡുകൾ, ഒടിഞ്ഞു തൂങ്ങിയ ഊഞ്ഞാൽ, അങ്ങിങ്ങായി ഉയർന്നു നിൽക്കുന്ന തുരുമ്പിച്ച ഇരുമ്പു കമ്പികൾ.. അപകടം കാത്തു കിടക്കുകയായിരുന്നു പയ്യാമ്പലം പാർക്ക്. പുല്ലിൽ തീർത്തിരുന്ന അമ്മയും കുഞ്ഞും ശിൽപം മൺകൂന മാത്രമായി. വാതിൽ തകർന്ന ശുചിമുറിയും തുള്ളിവെള്ളമില്ലാത്ത പൈപ്പുകളും സന്ധ്യയായാൽ കൂരാക്കൂരിരുട്ടും. കുരച്ചു ചാടുന്ന തെരുവ് നായ്ക്കളുടെ ആവാസ കേന്ദ്രം.ഇങ്ങനെയായിരുന്നു കണ്ണൂരിന്റെ അടയാളമായി വാഴ്ത്തപ്പെടുന്ന പയ്യാമ്പലം പാർക്കിന്റെ അവസ്ഥ. സ്ലൈഡുകൾ പൊട്ടിപ്പൊളിഞ്ഞു കുഞ്ഞുങ്ങളുടെ കാലുകൾ കുരുങ്ങി അപകടം പതിവായിരുന്നു. നേരത്തെ ഡിടിപിസി പരിപാലിച്ചിരുന്ന പാർക്ക് അധികാരത്തർക്കം ഉന്നയിച്ച് കോർപറേഷൻ പിടിച്ചെടുത്തു പൂട്ടിയിട്ടതോടെയാണു പ്രതിസന്ധി ഉടലെടുത്തത്. വിവാദം ഉടലെടുത്തതോടെ പിന്നീട് നടത്തിപ്പ് ഡിടിപിസിക്കു തന്നെ കോർപറേഷൻ കൈമാറുകയായിരുന്നു.
പാർക്ക് ഇന്ന് തുറക്കും
നവീകരണം പൂർത്തിയാക്കിയ പയ്യാമ്പലം ബീച്ച് പാർക്ക് ഇന്നു തുറന്നു നൽകും.ഉച്ചയ്ക്ക് 12നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേയർ ടി.ഒ.മോഹനൻ, എംപിമാരായ കെ.സുധാകരൻ, ഡോ.വി.ശിവദാസൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കലക്ടർ എസ്.ചന്ദ്രശേഖർ എന്നിവർ പ്രസംഗിക്കും.