പയ്യന്നൂര്‍ ഏരിയയിലെ സംഘടനാ പ്രശ്നങ്ങളില്‍ വിശദമായ അന്വേഷണങ്ങള്‍ക്കും പരിശോധനയ്ക്കും ശേഷമാണ് ജില്ലാകമ്മിറ്റി ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരില്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചതെന്ന് സി.പി.ഐ(എം) കണ്ണൂര്‍ ജില്ലാസെക്രട്ടറിയേറ്റ്. പാര്‍ട്ടി അന്വേഷണത്തില്‍ വ്യക്തിപരമായി ആരെങ്കിലും സാമ്പത്തികനേട്ടമോ ധനാപഹരണമോ നടത്തിയതായി കണ്ടെത്തിയിട്ടില്ല.തിരഞ്ഞെടുപ്പ് ഫണ്ടിലോ, എ.കെ.ജി ഭവന് നിര്‍മ്മാണത്തിലോ, ധനരാജ് കുടുംബ സഹായ ഫണ്ടിലോ യാതൊരുവിധ പണാപഹരണവും നടന്നിട്ടില്ല.പാര്‍ട്ടി പണം നഷ്ടപ്പെട്ടിട്ടുമില്ല. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും സമാഹരിച്ച തുക കൊണ്ടാണ് സി.പി.ഐ(എം) പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് വേണ്ടി എ.കെ.ജി ഭവന് 2017 ല്‍ നിര്‍മ്മിച്ചതെന്നും ജില്ലാസെക്രട്ടറിയേറ്റ് വ്യക്തമാക്കി .
ദീര്‍ഘകാലത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹമായിരുന്നു സൗകര്യപ്രദമായ ഒരു കെട്ടിടം നിര്‍മ്മിക്കുക എന്ന കാര്യം. സമാനരീതിയിലാണ് ബഹുജനങ്ങളില്‍ നിന്നും ധനരാജ് രക്തസാക്ഷി കുടുംബസഹായ ഫണ്ട് സമാഹരിച്ചത്. അതില്‍ നിന്നും കുടുംബസഹായ ഫണ്ട് നല്‍കുകയും, വീട് നിര്‍മ്മിക്കുകയും, കേസിന് വേണ്ടി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിട നിര്‍മ്മാണത്തിന്റെയും, ധനരാജ് ഫണ്ടിന്റെയും വരവ്-ചെലവ് കണക്കുകള്‍ യഥാസമയം ഓഡിറ്റ് ചെയ്ത് ഏരിയാകമ്മിറ്റിയില്‍ അവതരിപ്പിക്കുന്നതില്‍ ചുമതലക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി കണ്ടെത്തിയത്. ഇപ്പോഴാണ് ഇത് സംബന്ധിച്ച് ഓഡിറ്റും പരിശോധനയും നടത്തിയത്. ബഹുജനങ്ങളില്‍ നിന്നും ഏത് ആവശ്യത്തിന് വേണ്ടിയാണോ ഫണ്ട് പിരിക്കുന്നത് ആ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുകയും അത് സുതാര്യമായി നിര്‍വ്വഹിക്കുന്ന ഒരു പാര്‍ട്ടിയാണ് സി.പി.ഐ(എം) എന്ന് ബഹുജനങ്ങള്‍ക്കറിയാം.ഗൗരവമായ ജാഗ്രതക്കുറവും യഥാസമയം ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കാത്തതുമാണ് പയ്യന്നൂരിലുണ്ടായ വീഴ്ച.അത് കൊണ്ടാണ് ജില്ലാസെക്രട്ടറിയേറ്റ് അംഗമായ ടി ഐ മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്കും ഏരിയാകമ്മിറ്റിയംഗമായ ടി വിശ്വനാഥനെ ലോക്കല്‍ കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയതും, കെ.കെ ഗംഗാധരന്, കെ.പി മധു എന്നിവരെ ശാസിക്കാനും തീരുമാനിച്ചതെന്നും ജില്ലാ സെക്രട്ടറിയേറ്റ് കൂട്ടിച്ചേർത്തു.