പയ്യന്നൂർ : കടയിൽനിന്ന് പതിവായി തേങ്ങ മോഷ്ടിച്ച ആൾ തൊണ്ടി മുതൽ സഹിതം പിടിയിൽ.പെരുമ്പയിലെ വ്യാപാരസ്ഥാപനത്തിന്റെ മുന്നിൽ സൂക്ഷിച്ച 3,500 രൂപയോളം വിലവരുന്ന തേങ്ങ മൂന്നുദിവസങ്ങളിലായി മോഷണം നടത്തിയതിന് ചിറ്റാരിക്കാൽ ആയന്നൂർ സ്വദേശി ഷൈജു ജോസഫാണ് (30) പിടിയിലായത്.
വെള്ളിയാഴ്ച രാവിലെയാണ് പെരുമ്പ മാർക്കറ്റിന് സമീപത്തെ എടാട്ട് സ്വദേശി ടി.വി.ഷൈജുവിന്റെ കടയുടെ മുന്നിലെ ചാക്കിൽ സൂക്ഷിച്ചിരുന്ന പൊതിച്ച തേങ്ങ മോഷണം പോയത്. കഴിഞ്ഞ രണ്ടുദിവസം തുടർച്ചയായി ഇതേ രീതിയിൽ മോഷണം നടന്നിരുന്നു.
സ്ഥിരമായി കടയുടെ സമീപത്ത് ഇയാളെ കണ്ടതായ ഓർമ വന്നതിനാൽ ഉടനെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് സ്ഥലത്തെത്തിയ പയ്യന്നൂർ എസ്.ഐ. കെ.വി.മുരളിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലിൽ ഷൈജു കുറ്റം സമ്മതിച്ചു. പിന്നീട് കടയിൽ കൊണ്ടുവന്ന് തെളിവെടുത്ത് വിൽപ്പന നടത്തിയ മോഷണമുതൽ പോലീസ് കണ്ടെത്തി. ഇയാളെ കോടതി റിമാൻഡ് ചെയ്തു.