സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം പ്രതിയെന്ന് താന്‍ പറഞ്ഞത് ശരിയായെന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ് . ഫെബ്രുവരി 14ന് ഇക്കാര്യം താന്‍ പറഞ്ഞതാണ്. അത് ഇപ്പോള്‍ ശരിയാണെന്ന് വന്നു. മാനനഷ്ടം ഫയൽ ചെയ്യാൻ അന്ന് മുഖ്യമന്ത്രിയെ താന്‍ വെല്ലുവിളിച്ചിരുന്നു. ഇത് വരെ അത് ചെയ്തിട്ടില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. താന്‍ സരിത എസ് നായരുമായി ഫോണ്‍ സംഭാഷണം നടത്തിയത് ഇത്ര വലിയ കാര്യമാണോ. സരിതയുമായി എത്ര കാലമായി താൻ ഫോണ്‍ വിളിക്കുന്നു. ചക്കര പെണ്ണേ എന്നാണ് താൻ സരിതയെ വിളിക്കുന്നത്. സ്വപ്ന സുരേഷിനെ താൻ കണ്ടിരുന്നു, അത് ഗൂഢാലോചനയ്ക്കല്ല. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് കണ്ടത്. അന്ന് സ്വപ്ന എഴുതി തന്ന കാര്യങ്ങള്‍ തന്‍റെ കൈയ്യിൽ ഉണ്ട്.
പി സി ജോര്‍ജിന്‍റെ വാക്കുകള്‍….
സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഫോണില്‍ വിളിച്ചിട്ട് മുഖ്യമന്ത്രിക്ക് ദബാനിലേക്ക് പോകാന്‍ സീറ്റ് അറേഞ്ച്മെന്‍റ് എല്ലാം ശരിപ്പെടുത്താന്‍ പറഞ്ഞു. ഇവര്‍ അന്നേരം അറബ് കോണ്‍സുലേറ്റിലെ സെക്രട്ടറിയാണ്. ആദ്യമായിട്ടാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇവരെ വിളിക്കുന്നത്. സ്വപ്ന ഉടന്‍ തന്നെ അവിടുത്തെ അറേഞ്ച്മെന്‍റ് എല്ലാം ചെയ്തു. അതു കഴിഞ്ഞ് ശിവശങ്കര്‍ വീണ്ടും വിളിച്ചു. എന്നിട്ട് പറഞ്ഞു മുഖ്യമന്ത്രി പോയി, പക്ഷേ ഒരു ബാഗേജ് കൊണ്ടുപോകാന്‍ പറ്റിയില്ല. അതുകൂടി അദ്ദേഹത്തിന് എത്തിച്ചുകൊടുക്കണമെന്നും പറഞ്ഞു. ഉടനെ തന്നെ ഈ പെണ്‍കുട്ടി (സ്വപ്ന) കോണ്‍സുലേറ്റിലെ അഹമ്മദ് എന്ന കോണ്‍സുലേറ്ററിനെ വിളിച്ചു. ഒമ്പത് കോണ്‍സുലേറ്റര്‍മാരാണ് അവിടെയുള്ളത്. ബാഗേജ് വന്നുകഴിയുമ്പോ സ്വാഭാവികമായും അത് സ്കാന്‍ ചെയ്യും. അങ്ങനെ സ്കാന്‍ ചെയ്തപ്പോ അതിനുള്ളില്‍ നോട്ടുകെട്ടുകളാണ്. അന്ന് സരിത് ആണ് പി ആര്‍ ഒ. സരിത് ഇത് കണ്ടു, ശേഷം ബാഗേജ് അയക്കുകയും ചെയ്തു. മുഖ്യമന്ത്രി തിരികെയെത്തിയതിനു പിന്നാലെ ബാഗേജ് തിരിച്ചുവന്നു. നയതന്ത്രബാഗേജ് ആകുമ്പോ ആരും പരിശോധിക്കില്ലല്ലോ. സരിതും സ്വപ്നയും നോക്കിയിട്ടാണ് ഇത് പുറത്തുവിട്ടത്. പുറത്തുവിട്ടപ്പോ കസ്റ്റംസിന് ഒരു സംശയം തോന്നി. തുറന്നുപരിശോധിക്കണമെന്ന് പറഞ്ഞു. പറ്റില്ല, നയതന്ത്രബാഗേജ് ആണെന്ന് സ്വപ്ന പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും വിളിച്ചു പറഞ്ഞു തുറന്നുനോക്കേണ്ട കാര്യമില്ല, നേരെ അയച്ചേക്കാന്‍. പക്ഷേ, കസ്റ്റംസ് സമ്മതിച്ചില്ല.അങ്ങനെ തുറന്നപ്പോ 30 കിലോ സ്വര്‍ണം. അങ്ങനെ അത് സ്വാഭാവികമായും കേസായി. കേസില്‍ പ്രതിയാകേണ്ടതാരാ, ശിവശങ്കറല്ലേ? 21 തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് സ്വപ്ന എന്നോട് പറഞ്ഞു. 600 കിലോ സ്വർണം മുഖ്യമന്ത്രിയുടെ കൈയിൽ എത്തി. യു എ ഇ കോൺസുൽ ജനറലിന് ഗ്രീൻ ചാനൽ അനുമതി നൽകാൻ ഇടപെട്ടത് ശിവശങ്കറാണ്. എന്തിന് ജയിലിൽ നിന്നിറങ്ങിയ ഉടൻ ശിവശങ്കറിനെ സർവീസിൽ എടുത്തു ? ശിവശങ്കറിനെ മുഖ്യമന്ത്രിക്ക് രക്ഷിച്ചേ പറ്റൂ. ചെത്തുകാരന്റെ മകൻ എന്ന് പിണറായി അഭിമാന ബോധത്തോടെ പറയാറുണ്ട്. 20 വർഷത്തെ എം എൽ എ പെൻഷൻ മാത്രം വരുമാനമായുള്ള പിണറായിയുടെ മക്കളെങ്ങനെ ശതകോടീശ്വരരായി. പിണറായി എവിടെ ഒക്കെ ഇരുന്നിട്ടുണ്ടോ അവിടെയൊക്കെ കട്ടിട്ടുണ്ട്. അമേരിക്കയിൽ ആശുപത്രിയിൽ ചെലവിട്ടത് 15 മിനിട്ട് മാത്രമാണ്. ബാക്കി സമയം എവിടെയായിരുന്നു. അമേരിക്കയിൽ ഫാരിസ് അബൂബക്കറിനൊപ്പമായിരുന്നു മുഖ്യമന്ത്രി. ഫാരിസാണ് ഭരണം നിയന്ത്രിക്കുന്നത്.