കണ്ണൂർ | മാഹിയിൽ നിന്നും കർണാടകയിൽ നിന്നും അനിയന്ത്രിതമായി നടക്കുന്ന ഇന്ധനക്കടത്ത് തടയാൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ പെട്രോൾ ഡിലർമാർ സമരത്തിന് ഒരുങ്ങുന്നു.
സമരത്തിന്റെ ഭാഗമായി ജില്ലയിലെ 200-ൽ പരം പെട്രോൾ പമ്പുകൾ ശനിയാഴ്ച അടച്ചിടും. രാവിലെ 6 മണി മുതൽ 24 മണിക്കൂറാണ് അടച്ചിടുക. ഓയിൽ കമ്പനികളിൽ നിന്നും ഇന്ധന ബഹിഷ്കരണവും നടത്തും.
നികുതിയിലെ വ്യത്യാസം മൂലം മാഹിയിൽ പെട്രോളിന് 15, ഡീസലിന് 13, കർണാടകയിൽ ഡീസലിന് 8, പെട്രോളിന് 5 രൂപ ഇളവിലാണ് വില്പന നടക്കുന്നത്. ക്വാറികളിലേക്കും മറ്റു വ്യാവസായിക സ്ഥാപനങ്ങളിലേക്കും ടാങ്കറുകളിലും മറ്റുമായി ദിനംപ്രതി ലക്ഷങ്ങളുടെ ഇന്ധനക്കടത്താണ് നടക്കുന്നതെന്ന് ഇവർ ആരോപിച്ചു.
30-ന് അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും നടത്തുമെന്ന് കണ്ണൂർ ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് ടി വി ജയദേവൻ, ജന. സെക്രട്ടറിമാരായ എം അനിൽ, കെ വി രാമചന്ദ്രൻ, സി ഹരിദാസ്, ഇ എം ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.