//
14 മിനിറ്റ് വായിച്ചു

ഡിഗ്രി തോറ്റവര്‍ക്ക് പിജി പ്രവേശനം; സമ്മതിച്ച് കാലടി സംസ്കൃത സര്‍വകലാശാല

തിരുവനന്തപുരം: കാലടി സംസ്കൃത സര്‍വകലാശാലയില്‍ ഡിഗ്രി തോറ്റിട്ടും പിജിക്ക് പ്രവേശനം കിട്ടിയ വിദ്യാർത്ഥികളെ പുറത്താക്കി നടപടി. ഡിഗ്രി ഒന്നാം സെമസ്റ്റർ മുതൽ അഞ്ചാം സെമസ്റ്റർ വരെ തോറ്റ എട്ട് പേരെ പുറത്താക്കിയതായി വൈസ് ചാൻസിലര്‍ പറഞ്ഞു. കാലടിയിൽ ബിഎ തോറ്റവർക്ക് എം എക്ക് പ്രവേശനം നൽകിയെന്ന വാർത്തയെ പൂർണ്ണമായും തള്ളിയായിരുന്നു സർവ്വകലാശാലയുടെ വിശദീകരണം. സർവ്വകലാശാലയുടെ അന്തസ്സ് താഴ്ത്തിക്കെട്ടാനാണ് ശ്രമമെന്നായിരുന്നു രജിസ്ട്രാർ ഇറക്കിയ പ്രസ്താവന. എന്നാൽ വിസിയുടെ നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണം ഡിഗ്രി തോറ്റവരെ ചട്ടം ലംഘിച്ച് പിജിക്ക് പ്രവേശനം നൽകിയെന്ന് കണ്ടെത്തി. സംസ്കൃതം ന്യായത്തിൽ ബിഎ ഒന്നും മൂന്നും അ‍‍ഞ്ചും സെമസ്റ്റർ തോറ്റ രണ്ട് വിദ്യാർത്ഥികൾക്ക് എംഎക്ക് പ്രവേശനം നൽകി. വ്യാകരണത്തിൽ ഒന്നും അഞ്ചും സെമസ്റ്റർ തോറ്റ രണ്ട് കുട്ടികള്‍ക്കും സാഹിത്യത്തിൽ നാലാം സെമസ്റ്റർ തോറ്റ കുട്ടിക്കും എം എക്ക് പ്രവേശനം നൽകി. ബാച്ച്ലർ ഓഫ് ഫൈൻ ആർട്സിൽ ആറും ഏഴും എട്ടും സെമസ്റ്റർ തോറ്റ കുട്ടിക്കും പിജി പ്രവേശനം കിട്ടി.സർവ്വകലാശാല ആസ്ഥാനത്തും തിരുവനന്തപുരം, ഏറ്റുമാനൂർ, കേന്ദ്രങ്ങളിലുമാണ് ചട്ടം ലംഘിച്ചുള്ള പ്രവേശനം നടന്നത്. ഡിഗ്രി തോറ്റ് പിജിക്ക് പ്രവേശനം നേടിയവരെ പുറത്താക്കിയതായി വിസി ഡോ. എൻ കെ ജയരാജ്  പറഞ്ഞു. ചട്ടവിരുദ്ധമായി പ്രവേശനം നടത്തിയവർക്കെതിരെ കൂടുതൽ നടപടി ഉണ്ടാകുമെന്നും വി സി അറിയിച്ചു.

add

കാലടിയില്‍ ബിരുദം അവസാന സെമസ്റ്റര്‍ പരീക്ഷ ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പിജി പ്രവേശന പരീക്ഷ എഴുതാം. പക്ഷേ ഇവര്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള സെമസ്റ്റര്‍ പരീക്ഷകള്‍ പാസായിരിക്കണം. പിജിക്ക് പ്രവേശനം നേടിയ ശേഷം നിശ്ചിത ദിവസത്തിനുള്ളില്‍ അവസാന സെമസ്റ്റര്‍ ജയിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. എന്നാല്‍ ഒന്നും മൂന്നും അഞ്ചും സെമസ്റ്റർ തോറ്റവർക്ക് എങ്ങനെ പിജി പ്രവേശന പരീക്ഷക്ക് അനുമതി നൽകി എന്നായിരുന്നു ചോദ്യം ഉയര്‍ന്നത്. അവരെ എങ്ങനെ എം എ ക്ലാസിൽ ഇരുത്തി എന്നതിൽ ദുരൂഹത ബാക്കി നലില്‍ക്കുകയാണ്. ബിഎ തോറ്റവര്‍ എം എയ്ക്ക് പഠിക്കുന്നു എന്ന  വാര്‍ത്ത വന്നതിന് പിന്നാലെ കാലടി സര്‍വകലാശാലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് 15 ലധികം വിദ്യാര്‍ത്ഥികള്‍ കോഴ്സ് അവസാനിപ്പിച്ച് ടി സി വാങ്ങി പോയതായും റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്ന് സര്‍വകലശാല വിശദമായ അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!