കണ്ണൂര്‍: വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടും വിവാഹം നടക്കാത്ത 35 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് വിവാഹത്തിന് വഴിയൊരുക്കുകയാണ് പിണറായി പഞ്ചായത്ത്. സായൂജ്യം എന്ന പേരിലാണ് ഇത്തരമൊരു പദ്ധതി തുടങ്ങിയിരിക്കുന്നത്. സൗജന്യമായി ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യമൊരുക്കുമെന്ന് പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ പറഞ്ഞു. സ്ത്രീകൾക്കും പുരുഷൻമാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
35 വയസ്സ് മുതലുള്ളവര്‍ക്കാണ് രജിസ്ട്രേഷന് അവസരം. പഞ്ചായത്ത് വയസ്സ് തിരിച്ചുള്ള പട്ടിക തയ്യാറാക്കും. ഇതിനായി പ്രത്യേക സബ്കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനം. ഇതുവഴി ആളുകളെ കണ്ടെത്തിക്കഴിഞ്ഞാൽ അവര്‍ക്ക് പരസ്പരം കാണാനുള്ള അവസരമൊരുക്കും. ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ അടുത്ത ഘട്ടമായി പഞ്ചായത്ത് വക കൗൺസിലിംഗ് ആണ്.
അതുകഴിഞ്ഞാൽ സായൂജ്യം പദ്ധതി വഴി പങ്കാളികളെ കണ്ടെത്തുന്നവരുടെ വിവാഹം ഒരുമിച്ച് പഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ നടത്തും. സമൂഹ വിവാഹ ചടങ്ങും പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടക്കുക. ഇതിന്റെ ചിലവ് അതത് ആളുകൾ വഹിക്കണം.