ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. രാവിലെ 10:30 ന് പ്രധാനമന്ത്രിയുടെ ഊദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. കേരളത്തിലെ മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കയായ ബഫർ സോൺ വിഷയത്തിൽ കേന്ദ്രത്തിന്റെ ഇടപെടലാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ച പ്രധാന വിഷയം.
കൂടാതെ കെ റെയിൽ പദ്ധതിക്കുള്ള അന്തിമ അനുമതി, സാമ്പത്തിക ഞെരുക്കം നേരിടുന്ന സംസ്ഥാനത്തെ സഹായിക്കാൻ വായ്പാ പരിധി ഉയർത്തണം തുടങ്ങിയ ആവശ്യങ്ങളും കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചതായാണ് വിവരം.
സംസ്ഥാനത്തിന്റെ മറ്റ് വികസന വിഷയങ്ങളും ചർച്ച ചെയ്തു. കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറി വി പി ജോയിയും പങ്കെടുത്തു. കഥകളിയിലെ കൃഷ്ണ വേഷം പ്രധാനമന്ത്രിക്ക് ഉപഹാരമായി നൽകി.
സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻകൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തിയത്. ബുധനാഴ്ചയാണ് മുഖ്യമന്ത്രി ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് മടങ്ങുന്നത്.