കൊച്ചി: സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ സിഐടിയുവിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ തിരുത്തൽ വേണം. ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ അത് ആവർത്തിക്കുന്നു. തെറ്റുകൾ സിഐടിയു തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ വികസനരേഖ അവതരിപ്പിക്കവെയാണ് മുഖ്യമന്ത്രിയുടെ വിമർശനം.സിഐടിയു തിരുത്താൻ തയ്യാറായില്ലെങ്കിൽ അത് പല മേഖലകളെയും ബാധിക്കും. ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ കുറെ നാളുകളായി നമ്മൾ ഇതൊക്കെ ചെയ്യുന്നു. ഇനിയും തെറ്റ് പിന്തുടരുകയാണെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.നോക്കുകൂലി ഉൾപ്പടെയുളള കാര്യങ്ങളിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തർക്കങ്ങളുണ്ടാവുന്നുണ്ട്. വ്യാപാരത്തിന് തടസം നിൽക്കുന്ന രീതിയിൽ ട്രേഡ് യൂണിയനുകൾ സമരം നടത്തുന്ന സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ പരാമർശം. നേരത്തെ കണ്ണൂരിലെ മാതമംഗലത്തും പേരാമ്പ്രയിലും സിഐടിയു കടപൂട്ടൽ സമരം നടത്തിയത് വിവാദമായിരുന്നു. കഴിഞ്ഞ മാസം ഡിസംബർ 23ന് സാധനങ്ങൾ ഇറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ മാതമംഗലത്ത് സിഐടിയുക്കാർ സമരം ചെയ്ത് കട പൂട്ടിച്ചിരുന്നു. പിന്നീട് ലേബർ കമ്മീഷണർ സിഐടിയു പ്രവർത്തകരുമായി നടത്തിയ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ച് കട വീണ്ടും തുറക്കുകയായിരുന്നു.സിപിഐഎമ്മിന്റെ സംസ്ഥാന സമ്മേളനം കൊച്ചിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രവർത്തന റിപ്പോർട്ടിലും സംഘടനാ റിപ്പോർട്ടിലുമുള്ള ചർച്ചയാണ് സമ്മേളനത്തിന്റെ ഇന്നത്തെ അജണ്ട. നാളെ നവകേരള നയരേഖയിൽ ചർച്ചയും നടക്കും.