തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് സംഭവിച്ച തെറ്റ് തിരുത്താനുള്ള സൗഭാഗ്യ നിമിഷമാണ് ഉപതെരഞ്ഞെടുപ്പ് എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. “മുഖ്യമന്ത്രിയെ പോലെ ഒരാള്‍ക്ക് ചേരാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. 2021 ല്‍ പി ടി തോമസിനെ വിജയിപ്പിച്ചത് അബദ്ധമാണെന്നും അപ്പോള്‍ പി ടി മരിച്ചതുകൊണ്ട് ഒരു സൗഭാഗ്യം കൈവന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിനാകെ അപമാനമാണ് ഈ പ്രസ്താവന. ഒരിക്കലും അദ്ദേഹം പറയാന്‍ പാടില്ലാത്ത പ്രസ്താവനയായിരുന്നു അത്. തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.യുഡിഎഫിന്റെ നിയമസഭയിലെ കുന്തമുനയായിരുന്നു പി ടി തോമസ്. സര്‍ക്കാരിന്റെ നയങ്ങളെ ഒട്ടേറെ വിമര്‍ശിക്കുകയും പി ടി ചെയ്തിട്ടുണ്ട്. ആ വൈരാഗ്യമാണ് മുഖ്യമന്ത്രിയെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ മുഖ്യമന്ത്രി എക്‌സ്‌പേര്‍ട്ടാണ്.കുലംകുത്തി പ്രയോഗം നടത്തുന്നതില്‍ മുഖ്യമന്ത്രി മുന്നിലുണ്ട്. കെ വി തോമസിനെ എല്‍ഡിഎഫ് സ്വീകരിച്ചതോടെ യുഡിഎഫിന് കൂടുതല്‍ വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കരക്കാര്‍ക്ക് അബദ്ധം പറ്റിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണ് കോണ്‍ഗ്രസ്. പി ടി തോമസിന്റെ മരണത്തെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് സൗഭാഗ്യ അവസരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിലപ്പുറം അസംബന്ധമില്ലെന്നും മുഖ്യമന്ത്രിയുടെ വാക്കുകള്‍ ജനം പുച്ഛത്തോടെ തള്ളിക്കളയുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.വിഷയത്തില്‍, തൃക്കാക്കരക്കാര്‍ക്ക് തെറ്റുപറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് തെറ്റുപറ്റിയോ എന്ന് സംശയിക്കുന്നതായും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് പറഞ്ഞു.ലഭിക്കുന്ന അവസരം തൃക്കാക്കരക്കാര്‍ കൃത്യമായി വിനിയോഗിക്കുമെന്നും ഉമാ തോമസ് വ്യക്തമാക്കി. പി.ടി അബദ്ധമല്ല, അഭിമാനമായിരുന്നു തൃക്കാക്കരക്കാര്‍ക്ക് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.