ചമ്പാട് : പന്ന്യന്നൂർ പഞ്ചായത്തിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട് നടപടികൾ കർശനമാക്കി.പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അശോകന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കെതിരെ നിരോധനം നിലവിൽ ഉണ്ടെങ്കിലും ഓഗസ്റ്റ് ഒന്നു മുതൽ കർശനമാക്കും. 10,000 രൂപയും കുറ്റം ആവർത്തിച്ചാൽ 50,000 രൂപ വരെയും പിഴ ഈടാക്കും. രണ്ടിലധികം തവണ കുറ്റം ആവർത്തിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കും.വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ ഹരിത പ്രോട്ടോകോൾ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനും യോഗത്തിൽ തീരുമാനമായി.
മദ്യപാനം-പുകവലി എന്നിവ ഇല്ലാതിരുന്നിട്ടും കാൻസർ വന്നതും അതിജീവിച്ചതും അഞ്ചാം വാർഡംഗം കെ.ബിജു യോഗത്തിൽ വിവരിച്ചു. ഹരിതകേരളം മിഷൻ കോ ഓർഡിനേറ്റർ ആർ.പി. ലത കാണി, പന്ന്യന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.രമ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീരാമകൃഷ്ണൻ, വി.ഇ.ഒ മധുസൂദനൻ കരിയാട്, വാർഡംഗങ്ങളായ കെ.കെ.മണിലാൽ, കെ.കെ.സുരേന്ദ്രൻ, എം.വി.ബീന എന്നിവർ സംസാരിച്ചു.