സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുൻപ് ചെയ്യണം. ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് മൂന്നിനാണ് പ്രസിദ്ധീകരിക്കുന്നത്.
ട്രയൽ അലോർട്മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. സാങ്കേതിക തടസ്സം കാരണമാണ് ഇന്നത്തേക്ക് ലേക്ക് മാറ്റിയത്. ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങുന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. സി ബി എസ് ഇ, ഐ സി എസ് സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ നീളാൻ കാരണം.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കണ്ടറി അഡ്മിഷൻ ഗേറ്റ് വേ ആയ admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary അഡ്മിഷൻ വെബ്സൈറ്റിൽ ‘Admission’ എന്ന ലിങ്കിലൂടെ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്.
2022 ജൂലൈ 31 ന് വൈകിട്ട് 5 മണി വരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ, ഉൾപ്പെടുത്തലുകൾ എന്നിവ ജൂലൈ 31 വൈകിട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ്
തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ നടത്താനുള്ള അവസരമാണിത്.ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷകർക്ക് ട്രയൽ അലോട്ട്മെൻറ് റിസൾട്ട് പരിശോധിക്കുന്നതിനും അപേക്ഷയിൽ തിരുത്തലുകൾ ഉൾപ്പെടുത്തലുകൾ എന്നിവ നടത്തുന്നതിനും വേണ്ട സാങ്കേതിക സഹായം സംസ്ഥാനത്തെ എല്ലാ സർക്കാർ എയ്ഡഡ് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂളുകളിലേയും ഹെൽപ് ഡെസ്കുകളിലൂടെ തേടാവുന്നതാണെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.