തൊടുപുഴ: ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജ് രാജന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകി. കേസിൽ സിപിഎമ്മിൻറെ തിരക്കഥക്ക് അനുസരിച്ചെന്നാണ് പൊലീസ് അന്വേഷണം നടക്കുന്നതെന്ന ആരോപണവുമായി ഇടുക്കി ഡിസിസി രംഗത്തെത്തി.സംഭവത്തിൽ ഇന്നും ഇരു വിഭാഗം നേതാക്കളും ആരോപണ പ്രത്യാരോപണങ്ങൾ തുടർന്നു.ധീരജിനെ കുത്തിക്കൊന്ന കേസിൽ റിമാൻറിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയെയും ജെറിൻ ജോജോയയും പത്തു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പോലീസിൻറെ ആവശ്യം കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനും കൂടുതൽ അന്വേഷണങ്ങൾക്കുമായാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ ഇടുക്കി കോടതി നാളെ പരിഗണിച്ചേക്കും. സംഭവത്തിൽ സിപിഎമ്മിന് എതിരെ ആരോപണവുമായി ഇടുക്കി ഡിസിസി രംഗത്തെത്തി.കെ.സുധാകരൻ കെ പി സി സി തലപ്പത്ത് എത്തിയതിനാൽ മറിച്ചൊന്നും പ്രതീക്ഷിക്കരുതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജും പ്രതികരിച്ചു.പ്രതിയായ നിഖിൽ പൈലിയെ തള്ളി പറയാൻ കെ.സുധാകരൻ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേസിൽ ഒളിവിലുളള പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.