കണ്ണൂർ: വിവാഹ സൽക്കാരത്തിന് പൊലീസ് ഉദ്യോഗസ്ഥരെ വാടകയ്ക്ക് നൽകിയതിനെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. കണ്ണൂർ അഡീഷണൽ പൊലീസ് സൂപ്രണ്ടാണ് പാനൂരിൽ നടന്ന കല്യാണത്തിന് നാല് പൊലീസുകാരെ വിട്ട് നൽകിയത്. സംഭവത്തിൽ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസ് അസോസിയേഷൻ പരാതി നൽകി.പൊലീസിനെ പ്രദർശന വസ്തുവാക്കരുത് എന്ന് ഓഫീസേഴ്സ് അസോസിയേഷൻ പരാതിയിൽ പറഞ്ഞു. ആഡംബര കല്യാണത്തിനോ കുട്ടിയുടെ നൂലുകെട്ടിനോ ഉപയോഗിക്കേണ്ടവരല്ല പൊലീസെന്ന് ജനറൽ സെക്രട്ടറി സി ആർ ബിജു പ്രതികരിച്ചു.
വ്യക്തികളുടെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്ന വിഐപി, അയാളെ സംബന്ധിച്ച് മാത്രമാണ് വിഐപി. എന്നാൽ സംസ്ഥാന പൊലീസിന് അവർ വിഐപി ആകണമെന്നില്ല. ഇങ്ങനെ പലപ്പോഴും വിഐപി പരിവേഷം ഉണ്ടായിരുന്നവർ അതിന് ശേഷം ആരോപണ വിധേയരായി മാറുന്നതും, പലരും ആരോപണങ്ങൾ ശരിവച്ച് ജയിലിലാകുന്നതും കണ്ടുവരുന്ന കാലമാണിതെന്നും സി ആർ ബിജു പറഞ്ഞു.