ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്നത് വലിയ ഗൂഢാലോചനയെന്ന് പൊലീസ്. കേസില്‍ അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തില്‍ ആദ്യമായി എതിരാളികളുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കി കൊലപ്പെടുത്തുന്ന രീതിയാണ് പാലക്കാട് ശ്രീനിവാസന്‍ കൊലപാതകത്തില്‍ നടന്നത് എന്ന ഗുരുതരമായ ആരോപണമാണ് പൊലീസ് പറയുന്നത്. ഇതുവരെയുള്ള അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്നും പൊലീസ് പറയുന്നു.പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് സഹായമാവും എന്നും, തെളിവ് നശിപ്പിക്കുമെന്നും പൊലീസ് കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ അറസ്റ്റിലായ പ്രതികള്‍ക്ക് കൊലപാതകത്തില്‍ ഉള്ള പങ്ക് വ്യക്തമാക്കുന്നതാണ് കസ്റ്റഡി റിപ്പോര്‍ട്ട്. പ്രതികളില്‍ ഉള്‍പ്പെട്ട മുഹമ്മദ് ബിലാല്‍, റിയാസുദീന്‍ എന്നിവര്‍ ഗൂഢാലോചനയിലും, ആയുധങ്ങള്‍ പ്രതികള്‍ക്ക് നല്‍കുന്നതിലും സഹായിയായി പ്രവര്‍ത്തിച്ചു. സഹദ് എന്നയാളാണ് ആയുധങ്ങള്‍ എത്തിച്ചു നല്‍കിയത്.മുഹമ്മദ് റിസ്‌വാന്‍ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശേഖരിച്ച് തെളിവ് നശിപ്പിച്ചു എന്നും പോലീസ് കോടതിയെ അറിയിക്കുന്നു.കേസിലെ ചില പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയായാല്‍ തെളിവുകള്‍ നശിപ്പിക്കുന്ന സാഹചര്യം ഉണ്ടാവുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍ 16നു മേലാമുറിയിലെ കടയിലെത്തിയായിരുന്നു ശ്രീനിവാസനെ ആറംഗസംഘം വകവരുത്തിയത്. ശ്രീനിവാസന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് 13 പേരാണ് അറസ്റ്റിലായത്. മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ ആറംഗ സംഘത്തിലെ മൂന്ന് പേരാണ് കടയില്‍ കയറി ശ്രീനിവാസനെ വെട്ടിവീഴ്ത്തിയത്.