മഴക്കാലത്തോടനുബന്ധിച്ചുള്ള പകർച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മേയ് 22 മുതൽ 29 വരെ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കൊതുക് നിവാരണം, മലിനജലം ശാസ്ത്രീയമായി സംസ്കരിക്കൽ, ജലസ്രോതസ്സുകളിലെ ശുചീകരണം, സാമൂഹ്യ വിലയിരുത്തൽ മുതലായവ ശുചീകരണ യജ്ഞത്തിന്റെ ഭാഗമാക്കണം. മഴക്കാലപൂർവ്വ ശുചീകരണ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് സൂക്ഷ്മതല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. 50 വീടുകൾ/ സ്ഥാപനങ്ങൾ അടങ്ങുന്ന ക്ലസ്റ്റർ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഓരോ ക്ലസ്റ്ററിനും ആനുപാതികമായി ശുചിത്വ സ്കോഡുകൾ രൂപീകരിച്ച് കർമ്മ പരിപാടികൾ നടപ്പിലാക്കണം. വാർഡ്, തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം.വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതിയിൽ ഹരിതകർമ്മ സേന പ്രവർത്തകരെ കൂടി ഉൾപ്പെടുത്തി ക്യാമ്പയിൻ പ്രവർത്തനം ഏറ്റെടുക്കണം. ഓരോ വാർഡിലെയും വീടുകൾ, സ്ഥാപനങ്ങൾ, ജലാശയങ്ങൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിലെ ശുചിത്വ മാലിന്യ പൊതുജനാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജില്ല/ നഗരസഭ/ ബ്ലോക്ക്/ ഗ്രാമപഞ്ചായത്ത് തലങ്ങളിലെ പ്രസിഡന്റ്/ ചെയർപേഴ്സൺമാരുടെ അധ്യക്ഷതയിൽ മെഡിക്കൽ ഓഫീസർമാർ കൺവീനറായി പ്രവർത്തിക്കുന്ന ആരോഗ്യജാഗ്രതാ സമിതികളും ഇന്റർസെക്ടറൽ സമിതികളും സമയബന്ധിതമായി യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്യണം. ജില്ലയിലെ പ്രവർത്തനങ്ങൾ ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യുകയും നിർവ്വഹണ പുരോഗതി അവലോകനം നടത്തുകയും ചെയ്യും.ജില്ലാ കളക്ടർമാരുടെ അധ്യക്ഷതയിൽ ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ യോഗങ്ങൾ വിളിച്ച് ഉത്തരവാദിത്വങ്ങൾ വിഭജിച്ച് നൽകണം. ജില്ലാ കളക്ടർ ചെയർമാനും ജില്ലാ മെഡിക്കൽ ഓഫീസർ വൈസ് ചെയർമാനും ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കൺവീനറായും, ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ അടങ്ങുന്ന കോർ കമ്മിറ്റി പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യണം.
ജില്ലാതല കോർ കമ്മിറ്റി 15 ദിവസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടതാണ്. തദ്ദേശ സ്വയംഭരണ തലത്തിൽ അവലോകന സമിതി യോഗം രണ്ടാഴ്ചയിലൊരിക്കലും വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി യോഗം എല്ലാ ആഴ്ചയിലും ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്യണം. ഉറവിട മാലിന്യസംസ്കരണം ഉറപ്പാക്കണം. ഉറവിടത്തിൽ മാലിന്യം തരംതിരിക്കൽ, സംയോജിത മാലിന്യ സംസ്കരണ പദ്ധതി തയ്യാറാക്കൽ എന്നിവയ്ക്ക് ഫലപ്രദമായി നേതൃത്വം നൽകാൻ കഴിയണം.വിവിധ വകുപ്പുകളും ഘടകസ്ഥാപനങ്ങളും ഏകോപിതമായി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളിൽ നടക്കുന്ന അവലോകന യോഗങ്ങളിൽ ഈ വകുപ്പുകളിലെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണം. ശുചിത്വ മിഷൻ, ഹരിതകേരളം, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, കില, തൊഴിലുറപ്പ് മിഷൻ എന്നിവ ഇതിനകം നിശ്ചയിക്കപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂൾ തുറക്കൽ- മുന്നൊരുക്കങ്ങൾ
സ്കൂൾ തുറക്കുന്ന ദിവസങ്ങളിൽ കുട്ടികളെയും കൊണ്ട് രക്ഷിതാക്കൾ വാഹനത്തിൽ വരാനുള്ള സാധ്യത മുന്നിൽകണ്ട് വാഹനം പാർക്ക് ചെയ്യാൻ അതതു സ്കൂളുകൾ സൗകര്യം കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. റോഡരികിലും മറ്റുമായി അലക്ഷ്യമായി പാർക്കു ചെയ്യുന്നത് ഗതാഗതതടസ്സം സൃഷ്ടിക്കാൻ ഇടയാക്കും.കുട്ടികൾ യാത്രക്കായി ഉപയോഗിക്കുന്ന വാടക വാഹനങ്ങൾ സ്കൂൾ പരിസരത്ത് നിർത്തിയിട്ട് ക്ലാസ്സ് കഴിഞ്ഞതിനു ശേഷം കുട്ടികളെയും കൂട്ടി തിരിച്ചു പോകുന്ന സ്ഥിതി ഉണ്ടാകരുത്. സ്വകാര്യ / ടാക്സി വാഹനങ്ങൾ കുട്ടികൾ വരുന്നതുവരെ നിർത്തിയിടുകയാണെങ്കിൽ അതിനുള്ള സൗകര്യം സ്കൂൾ ഒരുക്കണം.വിവിധ ആവശ്യങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികൾ, കൊടിതോരണങ്ങൾ മുതലായവ അപകടകരമായ നിലയിലുണ്ടെങ്കിൽ അവ മാറ്റണം. ട്രാഫിക് ഐലന്റ്, ഫുട്പാത്ത് മുതലായ സ്ഥലങ്ങളിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ ബോർഡുകളോ കൊടിതോരണങ്ങളോ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവ നീക്കണം. വിദ്യാലയത്തിനു സമീപം വാർണിംഗ് ബോർഡുകൾ, ട്രാഫിക് സൈൻ ബോർഡുകൾ മുതലായവ സ്ഥാപിക്കണം.സ്കൂൾ ബസ്സുകളിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം വാഹനത്തിന്റെ ഫിറ്റ്നസ്സ് മുതലായവ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് നിഷ്ക്കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കണം. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം. സ്കൂൾ പരിസരത്തെ കടകളിൽ കൃത്യമായ പരിശോധന നടത്തണം. നിരോധിത വസ്തുക്കൾ, ലഹരി പദാർത്ഥങ്ങൾ എന്നിവ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. കുട്ടികൾ ഏതെങ്കിലും കാരണവശാൽ ക്ലാസ്സിൽ എത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച് അദ്ധ്യാപകർ വിവരം തിരക്കണം. സ്കൂളിലേക്ക് പുറപ്പെട്ട് കുട്ടി സ്കൂളിൽ എത്തിയില്ലെങ്കിൽ അടിയന്തിരമായി അക്കാര്യം രക്ഷിതാക്കളെയും പോലീസിനെയും അറിയിക്കണം.സ്കൂളിലും പരിസരത്തുമുള്ള അപകടകരമായ നിലയിലുള്ള മരച്ചില്ലകൾ വെട്ടിമാറ്റണം. അപകടകരമായ നിലയിൽ മരങ്ങൾ നിൽക്കുന്നുണ്ടെങ്കിൽ അവ മുറിച്ചു മാറ്റണം. ഇലക്ട്രിക് പോസ്റ്റിൽ വയർ, കമ്പി എന്നിവ താഴ്ന്നു കിടക്കുന്നുണ്ടെങ്കിൽ അപാകത പരിഹരിച്ച് സുരക്ഷ ഉറപ്പാക്കണം. സ്റ്റേ വയർ, ഇലക്ട്രിക് കമ്പികൾ മുതലായവ പരിശോധിച്ച് അവയിൽ നിന്നും ഷോക്കേൽക്കാനുള്ള സാധ്യതയില്ലെന്ന് കെ.എസ്.ഇ.ബി. ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. യോഗത്തിൽ മന്ത്രിമാരായ എം വി ഗോവിന്ദൻ, റോഷി അഗസ്റ്റിൻ, വി ശിവൻകുട്ടി, വീണാ ജോർജ്ജ്, ചീഫ് സെക്രട്ടറി ഡോ വി പി ജോയ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംസാരിച്ചു.