/
12 മിനിറ്റ് വായിച്ചു

ട്രാൻസ്ജെൻഡർ വിഭാ​ഗങ്ങൾക്കായി പ്രൈഡ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം > ട്രാൻസ്ജെൻഡർ വിഭാഗത്തിന് നൂതന മേഖലകളിൽ തൊഴിലവസരം ലഭ്യമാക്കുന്ന പ്രൈഡ് പദ്ധതിക്ക് തുടക്കമായി. വൈജ്ഞാനിക തൊഴിൽ മേഖലയിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള നോളഡ്ജ്‌ ഇക്കോണമി മിഷനും സാമൂഹ്യനീതി വകുപ്പും ചേർന്നുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2026 നുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള പ്രവർത്തനങ്ങളുടെ ഭാഗം കൂടിയാണ് പ്രൈഡ് പദ്ധതി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു നിർവഹിച്ചു. ചടങ്ങിൽ പ്രൈഡ് പദ്ധതിയുടെ ലോഗോ പ്രകാശനവും നടന്നു.

വൈജ്ഞാനിക തൊഴിലുകളിലും ഇതര തൊഴിലുകളിലും തൽപ്പരരായ, പ്ലസ്‌ടു അടിസ്ഥാന  വിദ്യാഭ്യാസ യോഗ്യതയുള്ളവരെ കണ്ടെത്തി പരിശീലനം നൽകി തൊഴിൽ രംഗത്തേക്ക് എത്തിക്കും. നോളഡ്ജ്‌ മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ DWMS വഴി രജിസ്റ്റർ ചെയ്ത 382 പേരാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകുക. സാമൂഹ്യ നീതിവകുപ്പിന്റെ ഗുണഭോക്താക്കളായ 1628 വ്യക്തികളെ കൂടി അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തും.

ട്രാൻസ്ജെൻഡർ വിഭാഗത്തിന് എല്ലാ പിന്തുണയും  പൗരാവകാശവും മനുഷ്യാവകാശവും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ് സർക്കാരെന്നും അവർ നേരിടുന്ന തൊഴിലില്ലായ്മയും അദൃശ്യതയും ഇല്ലാതാക്കുവാനും മെച്ചപ്പെട്ട തൊഴിൽ സാധ്യതകളിലൂടെ ജീവിത ഗുണനിലവാരവും സാമൂഹ്യ അംഗീകാരവും  ഉറപ്പാക്കുവാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. അന്തസോടെയും ആത്മവിശ്വാസത്തോടെയും സമൂഹത്തിൽ ജീവിക്കാനുള്ള പിൻബലം ഈ പദ്ധതി നൽകും. സർക്കാർ ഒപ്പമുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

സമഭാവനയുടെ നവകേരളം സൃഷ്ടിക്കാനാണ് സർക്കാരും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പുകളും ലക്ഷ്യമിടുന്നത്. വൈജ്ഞാനിക തൊഴിലുകളിലും ഇതര തൊഴിലുകളിലും ട്രാൻസ്ജെൻഡർ സമൂഹത്തിന് എത്തിച്ചേരാനുള്ള പരിശീലനവും തൊഴിൽ സാധ്യതകളിലേക്ക് അവരെ എത്തിക്കാനുള്ള പരിശ്രമവുമാണ് പ്രൈഡ് പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!