കണ്ണൂർ: കോവിഡ് പ്രതിസന്ധി കേരളത്തിലെ പ്രസുകളെയും വലിയരീതിയിൽ ബാധിച്ചിട്ടുണ്ടെന്ന് കേരളാ പ്രിന്റേഴ്സ് അസോസിയേഷൻ(കെപിഎ) ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.ജോലിക്കുറവുമാത്രമല്ല, കടലാസ്, മഷി, കെമിക്കൽസ് മുതലായവയുടെ ലഭ്യതക്കുറവും വിലക്കയറ്റവും അച്ചടി മേഖലയ്ക്കുണ്ടായ പ്രതിസന്ധികളാണ്. വാറ്റ് നികുതി അഞ്ച് ശതമാനമായിരുന്നത് ജിഎസ്ടിയിൽ 12 ശതമാനവും, ഇപ്പോൾ 18 ശതമാനവുമായി വർധിച്ചു. ആറുമാസത്തിനിടെ 40 മുതൽ 60 ശതമാനം വരെ വില വർധന പേപ്പറിനുണ്ടായി. അച്ചടി സ്ഥാപനങ്ങൾക്ക് വരുമാനത്തിൽ ഇടിവു വന്നെങ്കിലും അതനുസരിച്ച് ചിലവ് കുറയുന്നില്ല. ഈ സാഹചര്യത്തിൽ അച്ചടിനിരക്കു വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ സാധ്യമല്ല. അതുകൊണ്ട്10 മുതൽ 15 ശതമാനം വരെ അച്ചടിനിരക്കുകൾ വർധിപ്പിക്കുമെന്ന് കെപിഎ ഭാരവാഹികൾ പറഞ്ഞു. 15 മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വരിക. കെപിഎ സംസ്ഥാന ഉപദേഷ്ടാവ് പി.എ. അഗസ്റ്റിൻ, ജില്ലാ പ്രസിഡന്റ് പി.വി. പുരുഷോത്തമൻ, ജില്ലാ സെക്രട്ടറി ഇ.കെ. ഷാദുലി, ട്രഷറർ കെ. മുഹമ്മദ്കുട്ടി ഹാജി, വി. സഞ്ജീവൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.