കണ്ണൂർ: കൂത്തുപറമ്പിനടുത്ത് മമ്പറം കോട്ടത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 35 പേർക്ക് പരിക്ക്. കൂത്തുപറമ്പിൽ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസും ലോറിയുമാണ് കൂട്ടിയിടിച്ചത്. പെട്രോൾ പമ്പിന് സമീപത്തെ വളവിൽ വച്ചായിരുന്നു അപകടം.ലോറിയുടെയും ബസിന്റെയും ഡ്രൈവർമാരുടെ ഭാഗത്താണ് ഇടിയേറ്റത്. ഇരു ഡ്രൈവർമാർക്കും പരിക്കേറ്റിട്ടുണ്ട്.ഇടിയിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നത്. പരിക്കേറ്റവരെ നാട്ടുകാരാണ് കണ്ണൂരിലെ വിവിധ ആശുപത്രികളിലെത്തിച്ചത്.ഇന്ന് രാവിലെ എട്ടോടെയാണ് അപകടം. ഇതേതുടർന്ന് മമ്പറം – പെരളശ്ശേരി ഭാഗത്തേക്കുള്ള വാഹന ഗതാഗതം ഏറെ നേരം സ്തംഭിച്ചു.ചക്കരക്കല്ല് പൊലീസ് സ്ഥലത്തെത്തിയാണ് വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്. സ്ഥിരമായി അപകടമുണ്ടാകുന്ന ഭാഗമാണിത്.