//
9 മിനിറ്റ് വായിച്ചു

സ്വകാര്യ ബസ് പണിമുടക്ക് :അധിക സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസിക്ക് ഒരു കോടിയിലേറെ അധിക വരുമാനം

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം നേട്ടമായത് സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക്. സ്വകാര്യ ബസുകള്‍ പണിമുടക്കിയതോടെ അധിക സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസിക്ക് ദിവസ വരുമാനത്തില്‍ വര്‍ധനവുണ്ടായി. ബസ് സമരം ആരംഭിച്ച ദിവസം 6.17 കോടി രൂപയായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനമെങ്കില്‍ ഇന്നലെ വരുമാനം 6.78 കോടി രൂപയായി ഉയര്‍ന്നു. ശരാശരി വരുമാനം അഞ്ച് കോടിയായിരുന്നിടത്ത് നിന്നാണ് ഒരു കോടിയിലധികം രൂപയുടെ അധിക വരുമാനം വന്നിരിക്കുന്നത്.കൂടുതല്‍ ബസുകളിറക്കിയാല്‍ വരുമാനം കൂടുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. സ്വകാര്യ ബസ് സമരത്തെത്തുടര്‍ന്നുള്ള യാത്രാ ക്ലേശം പരിഹരിക്കാന്‍ 69 ബസുകള്‍ മാത്രമാണ് കെഎസ്ആര്‍ടിസി അധികമായി ഓടിച്ചത്. യാത്ര ക്ലേശം രൂക്ഷമായിട്ടും 2723 ബസുകള്‍ കെഎസ്ആര്‍ടിസി ഇപ്പോഴും മാറ്റിയിട്ടിരിക്കുകയാണ്. നിലവില്‍ നിരത്തിലോടുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ ഭൂരിഭാഗവും ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റുമാണ്.മിനിമം ബസ് ചാര്‍ജ് 12 രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം, കൊവിഡ് കാലത്തെ ടാക്‌സ് ഒഴിവാക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് സ്വകാര്യ ബസുകൾ സമരം നടത്തുന്നത്. അതേസമയം, ബസ് ഉടമകളുടെ സമ്മര്‍ദ്ദത്തിലൂടെ ചാര്‍ജ് വര്‍ധിപ്പിച്ചെന്ന് വരുത്തി തീര്‍ക്കാനാണ് ഇപ്പോള്‍ നടക്കുന്ന ബസ് സമരമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത്. ചാര്‍ജ് വര്‍ധന പ്രഖ്യാപിച്ചിരിക്കെ സമരം അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!