വിവാഹ വാഗ്ദാനം നല്കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം വാഗ്ദാനം പാലിച്ചില്ലെന്ന കാരണത്താൽ ബലാത്സംഗക്കുറ്റം ചുമത്തി ശിക്ഷിക്കാനാവില്ലെന്ന് സുപ്രീംകോടതി. ചില സാഹചര്യത്തില്‍ ഒരു വ്യക്തിക്ക് വാഗ്ദാനം പാലിക്കാനാകാതെ വരാം. വിവാഹ വാഗ്ദാനം പാലിച്ചില്ലെന്ന പേരിൽ ഒരാളെ ബലാത്സംഗ കുറ്റം ചുമത്തി ശിക്ഷിക്കുന്നത് മണ്ടത്തരമാണെന്നും സുപ്രീംകോടതി വ്യക്താക്കി. ബലാത്സംഗക്കേസില്‍ വിചാരണ കോടതി പത്തു വര്‍ഷം ശിക്ഷിച്ച പുനലൂര്‍ സ്വദേശിയെ വെറുതെ വിട്ടുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
2020 സെപ്റ്റംബറിലും സമാനമായ കേസിൽ ആരോപണവിധേയനായ യുവാവിനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയിരുന്നു. വിവാഹം വാഗ്ദാനം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടശേഷം വഞ്ചിച്ചെന്ന കേസിൽ, വഞ്ചന വർഷങ്ങളോളം തുടർന്നു എന്നുള്ള ആക്ഷേപങ്ങളിൽ കഴമ്പില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. റോഹിങ്ടൻ എഫ് നരിമാൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഝാർഖണ്ഡ് സ്വദേശിയായ യുവാവിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഇക്കാര്യം വ്യക്തമാക്കിയത്.
2019 ഏപ്രിലിലും വ്യാജ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പീഡനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതം ഏൽപ്പിക്കുന്നതാണിതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി.