കോഴിക്കോട് മാത്തോട്ടത്ത് സിൽവർ ലൈൻ സർവേക്കല്ല് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. മുൻകൂട്ടി അറിയിക്കാതെ വീട്ടുമുറ്റത്ത് സർവേക്കല്ല് സ്ഥാപിക്കാനെത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കെ-റെയിൽ, റവന്യു, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാർ പിൻവാങ്ങിയില്ല. തുടർന്ന് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റുകയായിരുന്നു. പൊലീസ് സംരക്ഷണയിൽ സർവേക്കല്ല് സ്ഥാപിക്കുന്നത് തുടരുകയാണ്.ഏതാനും ആഴ്ചകൾ മുമ്പ് ഫറൂക്ക് മേഖലയിൽ പ്രതിഷേധമുണ്ടായിരുന്നു. അതിനുശേഷം ഇന്നാണ് സിൽവർ ലൈൻ സർവേക്കല്ല് സ്ഥാപിക്കുന്നത്തിനെതിരെ ജനകീയ പ്രതിഷേധം ഉണ്ടായത്. സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ നടപടി തടയാൻ ശ്രമിച്ചു. മുൻകൂട്ടി അറിയിക്കാതെയാണ് വീട്ടുമുറ്റത്ത് സർവേക്കല്ല്സ്ഥാപിക്കാനെത്തിയതെന്നാണ് നാട്ടുകാർ പ്രധാനമായും ആരോപിച്ചത്. വീടുകൾ തിങ്ങി നിറഞ്ഞ പ്രദേശമാണ് ഇവിടെ അതുകൊണ്ട് തന്നെ നിരവധി വീടുകൾ ഒഴിപ്പിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥർ വീട്ടുമുറ്റത്താണ് ഇന്ന് കല്ലിടാനെത്തിയത്. അതാണ് പ്രതിഷേധത്തിന് കാരണമായത്.കെ-റെയിൽ ഉദ്യോഗസ്ഥരും പൊലീസും റവന്യു ഉദ്യോഗസ്ഥരും ചർച്ച നടത്തിയെങ്കിലും പിരിഞ്ഞു പോകാനോ പ്രതിഷേധം അവസാനിപ്പിക്കാനോ നാട്ടുകാർ തയാറായില്ല. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരിൽ ചിലരെ കസ്റ്റഡിയിലെടുത്ത് നീക്കം ചെയ്ത ശേഷം, പൊലീസ് സംരക്ഷണത്തിൽ വീട്ടുമുറ്റത്ത് സർവേക്കല്ലുകൾ സ്ഥാപിക്കുകയായിരുന്നു.