ദില്ലി: അകമ്പടി വാഹനങ്ങളുടെ എണ്ണത്തെച്ചൊല്ലി വെട്ടിലായിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. പഞ്ചാബിലെ മുൻ മുഖ്യമന്ത്രിമാരുടേതിലും അധികം വാഹനങ്ങളാണ് ഭഗവന്ത് മാനിന്റെ അകമ്പടി വാഹന വ്യൂഹത്തിലുള്ളതെന്നാണ് കണക്ക്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാർട്ടി എതിർത്തുപറഞ്ഞ വിഐപി സംസ്കാരത്തിന്റെ പാതയിലാണ് ഇപ്പോൾ ഭഗവന്ത് മാൻ എന്നാണ് കോൺഗ്രസിന്റെ വിമർശനം.
42 വാഹനങ്ങളാണ് ഭഗവന്ത് മാനിന്റെ വാഹനവ്യൂഹത്തിലുള്ളതെന്ന് വിവരാവകാശ രേഖകൾ കാട്ടി കോൺഗ്രസ് പറയുന്നു. മുൻ മുഖ്യമന്ത്രിമാരായ പ്രകാശ് സിംഗ് ബാദലോ അമരീന്ദർ സിംഗോ ചരൺജിത് സിംഗ് ഛന്നിയോ ഇത്രയധികം വാഹനങ്ങൾ അകമ്പടിക്ക് ഉപയോഗിച്ചിരുന്നില്ല. ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ- പ്രകാശ് സിംഗ് ബാദൽ മുഖ്യമന്ത്രിയായിരുന്ന 2007-17 വരെ 33 വാഹനങ്ങളാണ് അകമ്പടിക്ക് ഉണ്ടായിരുന്നത്. ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുഖ്യമന്ത്രിയായപ്പോഴും അക്കാര്യത്തിൽ മാറ്റമുണ്ടായില്ല. ഛന്നിയുടെ കാര്യത്തിലും 39നപ്പുറം പോയില്ല. പക്ഷേ, ആം ആദ്മി മുഖ്യമന്ത്രിക്ക് ഇപ്പോൾ 42 കാറുകളാണ് അകമ്പടിയുള്ളത്. കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്വ ട്വീറ്റ് ചെയ്തു.
ഭഗവന്ത് മാൻ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞതും മുഖ്യമന്ത്രിയായ ശേഷം ചെയ്യുന്നതും തമ്മിൽ പൊരുത്തക്കേടുകളുണ്ട്. നേരത്തെ എംപിയായിരുന്ന കാലത്ത് ഇങ്ങനെയുള്ള കാര്യങ്ങളെച്ചൊല്ലി ഭരണപക്ഷ പാർട്ടിയെ (കോൺഗ്രസ്) വിമർശിക്കാറുണ്ടായിരുന്നല്ലോ. എന്തിനാണ് നികുതിദായകരിൽ നിന്ന് പണമെടുത്ത് ഇങ്ങനെ ആഡംബരം കാട്ടുന്നത്. ഇത്ര വലിയ വാഹനവ്യൂഹത്തിന് എത്ര പണമാണ് ചെലവഴിക്കുന്നത്. പഞ്ചാബിലെ ജനങ്ങളോട് എന്തിനാണ് തനിക്ക് ഇത്രയും വാഹനങ്ങൾ അകമ്പടിയെന്ന് ഭഗവന്ത് മാൻ വ്യക്തമാക്കണമെന്നും പ്രതാപ് സിംഗ് ബജ്വ പറഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ ആം ആദ്മി പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.
മദ്യപിച്ച് ലക്കുകെട്ടതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന ആരോപണത്തിന്റെ ക്ഷീണം മാറിവരുന്നതേയുള്ളു. അപ്പോഴാണ് പുതിയ വിവാദമുയർത്തി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.