കണ്ണൂർ: മാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ വധിച്ച കേസിലെ പ്രതികളെ സംരക്ഷിക്കാൻ സിപിഎം പ്രവർത്തകർ കൂട്ടുനിൽക്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. പ്രവാസിയുടെ ഭാര്യയാണ് പ്രതിയായ നിജിൽ ദാസിനെ ഒളിവിൽ പാർപ്പിച്ചതെന്നും ഇവരുടെ ഫോൺ പരിശോധിച്ചതിൽ പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതായും എം.വി.ജയരാജൻ പറഞ്ഞു. രേഷ്മയ്ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് രേഷ്മ ചെയ്തത് പുണ്യപ്രവൃത്തിയല്ലെന്നായിരുന്നു ജയരാജന്റെ മറുപടി.
ജയരാജന്റെ വാക്കുകൾ –
പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയെ ഒളിവിൽ പാർപ്പിച്ചതിൽ രേഷ്മയ്ക്ക് നേതൃപരമായ പങ്കുണ്ട്. മുഖ്യപ്രതിയെ ഒളിവിൽ പാർപ്പിക്കുകയും ഭക്ഷണം ഒരുക്കിക്കൊടുക്കുകയും ചെയ്ത സ്ത്രീയുടെ പെരുമാറ്റം ദുരൂഹമാണ്. ഈ വീട് സിപിഎം മുൻപ് ഒരു പരിപാടിക്ക് വാടകയ്ക്ക് എടുത്തതിൽ രാഷ്ട്രീയം ഇല്ല. പ്രതി ഒളിവിൽ പാർത്ത രേഷ്മയുടെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ സിപിഎമ്മിന് ബന്ധമില്ല. രേഷ്മ ചെയ്തത് പുണ്യ പ്രവൃത്തിയല്ല. കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക ഇത്തരത്തിൽ പെരുമാറരുത്. പ്രതിയുമായി രേഷ്മയ്ക്കുള്ള ഒളിവിലെ ബന്ധം ദുരൂഹമാണ്. രേഷ്മയുടെ ഭർത്താവ് പ്രശാന്തിന് സിപിഎമ്മുമായി ബന്ധമുണ്ടെന്ന വാർത്ത തെറ്റാണ്.അണ്ടല്ലൂർ ക്ഷേത്രത്തിലുണ്ടായ ഒരു പ്രശ്നത്തിൽ പ്രശാന്ത് ആർഎസ്എസ് അനുകൂല നിലപാട് എടുത്തിരുന്നു.