/
12 മിനിറ്റ് വായിച്ചു

കാലടി ശ്രീശങ്കര കോളേജിലെ റാഗിങ്‌; കെഎസ്‌‌യുക്കാരായ നാല്‌ വിദ്യാർഥികൾക്കെതിരെ കേസെടുത്തു

കൊച്ചി> കാലടി ശ്രീശങ്കര കോളേജിൽ ഇടുക്കി സ്വദേശിയായ ഒന്നാംവർഷ ബിരുദവിദ്യാർഥിനിയെ റാഗ്‌ ചെയ്‌ത സംഭവത്തിൽ കെഎസ്‌‌യുക്കാരായ നാല്‌ വിദ്യാർഥികൾക്കെതിരെ കേസെടുത്തു. ഒന്നാം പ്രതി സരീഷ്‌ സഹദേവൻ, രണ്ടാം പ്രതി ഡിജോൺ പി ജിബിൻ, മൂന്നാം പ്രതി എസ്‌ എസ്‌ വിഷ്‌ണു, നാലാം പ്രതി അനന്ദു കൃഷ്‌ണൻ എന്നിവർക്കെതിരെയാണ്‌ റാഗിങ്‌ നിരോധന നിയമ പ്രകാരം കാലടി പൊലീസ്‌ കേസെടുത്തത്‌. സ്‌ത്രീത്വത്തെ അപമാനിച്ചതിനും തടഞ്ഞു നിറുത്തിയതിനും കേസെടുത്തിട്ടുണ്ട്‌. ഇവരെ കസ്‌റ്റഡിയിലടുത്ത്‌ ചോദ്യം ചെയ്യുമെന്നാണ്‌ സൂചന.

ഡിജോൺ പി ജിബിനും എസ്‌ എസ്‌ വിഷ്‌ണുവും ബിവോക്ക്‌ കോഴ്‌സ്‌ മൂന്നാംവർഷ വിദ്യാർഥികളാണ്‌. സരീഷ്‌ സഹദേവൻ ഇക്കണോമിക്‌സ്‌ മൂന്നാംവർഷ വിദ്യാർഥിയും അനന്ദു കൃഷ്‌ണൻ ബയോടെക്‌നോളജി മൂന്നാംവർഷ വിദ്യാർഥിയുമാണ്‌. കോളേജിൽ അനധികൃതമായി പ്രവർത്തിക്കുന്ന ‘ടോക്‌സിക്ക്‌ ’ എന്ന സംഘടനയിലുള്ള കെഎസ്‌യു അനുഭാവികളായ നാലു പേരും ചേർന്ന്‌ 12, 13, 14 തീയതികളിലാണ്‌ വിദ്യാർഥിനിയെ തടഞ്ഞ്‌ റാഗ്‌ ചെയ്‌തത്‌. പ്രതികൾ പെൺകുട്ടിയെ മാനസികമായി അപമാനിച്ച്‌ ബുദ്ധിമുട്ടുണ്ടാക്കിയതായി എഫ്‌ഐആറിൽ പറയുന്നുണ്ട്‌.

പെൺകുട്ടിയുടെ പരാതിയിൽ കോളേജിലെ ആന്റി റാഗിങ്‌ സെൽ യോഗം ചേർന്ന്‌ വ്യാഴാഴ്‌ച ഏഴു ദിവസത്തേക്ക്‌ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. തുടർന്ന്‌ ആന്റി റാഗിങ്‌ സെൽ റിപ്പോർട്ട്‌ വ്യാഴം വൈകിട്ട്‌ കാലടി പൊലീസിന്‌ കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കേസെടുത്തത്‌. പെൺകുട്ടി പ്രിൻസിപ്പലിന്‌ നൽകിയ പരാതിയും കൈമാറിയിരുന്നു.

റാഗിങ്‌ ചോദ്യംചെയ്‌ത എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറിയറ്റ്‌ അംഗം സായന്ത്‌ ശിവയെ കെഎസ്‌യു പ്രവർത്തകർ ക്ലാസ്‌മുറിയിലേക്ക്‌ കൊണ്ടുപോയി മർദിക്കുകയും ചെയ്‌തിരുന്നു. സായന്തിനെ മർദിച്ചതിനും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും അറസ്‌റ്റിലായ കെഎസ്‌യു അനുഭാവി ഡിജോൺ പി ജിബിൻ, കെഎസ്‌യു യൂണിറ്റ്‌ പ്രസിഡന്റ്‌ രാജീവ്‌ വാലപ്പൻ എന്നിവരെ ലോക്കപ്പിൽനിന്ന്‌ മോചിപ്പിച്ചതിന്‌ എംഎൽഎമാരായ റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്‌ എന്നിവർക്കെതിരെയും കണ്ടാലറിയുന്ന 13 പേർക്കെതിരെയും കാലടി പൊലീസ് കേസെടുത്തിട്ടുണ്ട്‌. ഒരാൾ അറസ്‌റ്റിലായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!