രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കേരളത്തില്‍ നിന്ന് 8 അംഗങ്ങള്‍. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 150 ദിവസങ്ങളിലായി നടത്തുന്ന യാത്രയില്‍ 117 സ്ഥിരം അംഗങ്ങളാണുള്ളത്. അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു.
ചാണ്ടി ഉമ്മന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥന സെക്രട്ടറി ജി മഞ്ജുകുട്ടന്‍, കെഎസ് യു ജനറല്‍ സെക്രട്ടറി നബീല്‍ നൗഷാദ്, മഹിള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ, ഷീബ രാമചന്ദ്രന്‍, കെ ടി ബെന്നി, സേവാദള്‍ മുന്‍ അധ്യക്ഷന്‍ എം എ സലാം, ഗീത രാമകൃഷ്ണന്‍ എന്നിവരാണ് പദയാത്രയില്‍ കേരളത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അനുഗമിക്കുന്ന സ്ഥിരം അംഗങ്ങള്‍.
രാജ്യസഭാംഗമായ മുകള്‍ വാസനിക്, ദിഗ്‌വിജയ സിങ് എന്നിവര്‍ അഭിമുഖം നടത്തിയാണ് തന്നെ തെരഞ്ഞെടുത്തതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. 3,500 കിലോ മീറ്റര്‍ ദൂരം നടക്കുന്നതിന് അസൗകര്യമുണ്ടോ എന്നവര്‍ ചോദിച്ചതായും അദ്ദേഹം കൂട്ടി ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്ന പദയാത്രയുടെ ഭാഗമാകാന്‍ സാധിച്ചത് സ്വപ്‌ന സാക്ഷാല്‍ക്കാരമാണെന്ന് നബീല്‍ നൗഷാദ് പറഞ്ഞു.സെപ്തംബര്‍ 7നാണ് ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്. 12 സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നു പോകും.