ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തമിഴ്‌നാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധി തൊഴിലുറപ്പ് ജീവനക്കാരികളായ സ്ത്രീകളുമായി സംസാരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത് . കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പാണ് ചിത്രത്തെ വൈറലാക്കിയത്.ഭാരത് ജോഡോ യാത്രയുടെ മൂന്നാം ദിനം തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്തെ തൊഴിലുറപ്പ് ജീവനക്കാരികളായ സ്ത്രീകളുമായി സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
അവിവാഹിതനായ രാഹുല്‍ ഗാന്ധിയോട് വിവാഹത്തെ കുറിച്ചാണ് സ്ത്രീകള്‍ ചോദിച്ചത്. തമിഴ്‌നാട് രാഹുല്‍ ഗാന്ധിക്ക് ഇഷ്ടമാണെന്ന് അറിയാമെന്നും അതുകൊണ്ട് തന്നെ നല്ല തമിഴ് പെണ്ണിനെ കണ്ടെത്തി വിവാഹം കഴിപ്പിക്കാമെന്നും രാഹുല്‍ ഗാന്ധിയോട് ഒരു സ്ത്രീ പറഞ്ഞു. എന്നാല്‍ ചിരി മാത്രമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
കേരളത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് പാറശ്ശാലയില്‍ വെച്ച് നെല്‍ക്കതിരും ഇളനീരും നല്‍കി കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവര്‍ സ്വീകരിച്ചു.കാമരാജ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് യാത്രയ്ക്ക് തുടക്കമായത്.11മണിക്ക് നെയ്യാറ്റിന്‍കരയില്‍ അവസാനിച്ച യാത്ര വൈകിട്ട് 4 ന് വീണ്ടും പര്യടനം തുടരും. ഇടവേളയില്‍ കൈത്തറി തൊഴിലാളികളുമായി രാഹുല്‍ ആശയ വിനിമയം നടത്തും.
നാളെ തിരുവനന്തപുരം നഗരത്തിലാണ് ജോഡോ യാത്രയുടെ പര്യടനം.സംസ്ഥാനത്ത് പതിനെട്ട് ദിവസം പര്യടനം നടത്തുന്ന യാത്ര 29 ന് നിലമ്പൂര്‍ വഴി കര്‍ണ്ണാടകയില്‍ പ്രവേശിക്കും. 150 ദിവസം 3751 കിലോമീറ്റര്‍ പിന്നിട്ടാണ് യാത്ര ജമ്മു കാശ്മീരില്‍ സമാപിക്കുക.
സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ദിഗ് വിജയ് സിംഗ്, ജയറാം രമേശ് എന്നിവര്‍ മുഴുവന്‍ സമയം ജാഥയെ അനുഗമിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള പടപുറപ്പാട് എന്നാണ് കോണ്‍ഗ്രസ് യാത്രയെ വിശേഷിപ്പിക്കുന്നത്.പക്ഷെ യാത്രയുടെ പ്രധാന ലക്ഷ്യം 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണെന്ന് വ്യക്തമാണ്.