ന്യൂഡൽഹി> ഉത്തരേന്ത്യയിൽ മഴ കനത്തതോടെ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്കു മുകളിലെത്തി. ഉയർന്ന ജലനിരപ്പ് തുടരുകയാണെന്ന് കേന്ദ്ര ജലകമ്മിഷൻ പറഞ്ഞു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും വ്യപകമായി മഴ പെയ്യുന്നുണ്ട്.
ഷിംല, ബിലാസ്പൂർ, സോളൻ, സിർമൗർ, മാണ്ഡി, ഹാമിർപൂർ, കിന്നൗർ ജില്ലകളിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് മിന്നൽപ്രളയമുണ്ടായി. ഷിംലയിലെ ചിർഗാവ് പ്രദേശത്ത് പ്രളയത്തിൽ കാണാതായ ഒരു കുടുംബത്തിലെ മൂന്നുപേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ജഗോതി ഗ്രാമത്തിലെ റോഷൻ ലാൽ, ഭാര്യ ഭഗാദേവി, കൊച്ചുമകൻ കാർത്തിക് എന്നിവരെയാണ് കാണാതായത്. ശനി പുലർച്ചെ മൂന്നോടെയുണ്ടായ മേഘവിസ്‌ഫോടനത്തിന് പിന്നാലെയെത്തിയ മിന്നൽപ്രളയത്തിലാണ് മൂവരും ഒലിച്ചുപോയത്.
ഷിംലയിലെ തന്നെ ജുബ്ബൽ, കോട്ഖായ്, തിയോഗ്, കുമാർസൈൻ, കോട്ഗർ പ്രദേശങ്ങളിൽ വീടുകൾക്കടം കനത്ത നാശവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കിന്നൗർ കൈലാഷ് യാത്ര സർക്കാർ മാറ്റിവച്ചു.