തിരുവനന്തപുരം: ഉടനെ നടക്കാനുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയസാധ്യതയുള്ള രണ്ട് സീറ്റുകളിൽ ഒന്ന് സിപിഐക്ക് നൽകും. ഇന്ന് എകെജി സെൻ്ററിൽ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് രാജ്യസഭാ സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായത്. ഒഴിവ് വരുന്ന രണ്ട് സീറ്റുകളിൽ ഒന്നിന് ജെഡിഎസും, എൻസിപിയും, എൽജെഡിയും യോഗത്തിൽ അവകാശവാദം ഉന്നയിച്ചു. എന്നാൽ ദേശീയ സാഹചര്യം കണക്കിലെടുത്ത് സീറ്റ് സിപിഐക്ക് നൽകാമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുകയായിരുന്നു. കൂടുതൽ എതിർപ്പുകളില്ലാതെ ഈ നിലപാട് എൽഡിഎഫ് യോഗം അംഗീകരിച്ചു. ഐക്യകണ്ഠേനയാണ് രാജ്യസഭാ സീറ്റിലെ ചർച്ചകൾ പൂർത്തിയാക്കിയതെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു.തെരഞ്ഞെടുപ്പ് സംബന്ധിച്ച് എല്ലാ ഘടകകക്ഷികളും അഭിപ്രായം അറിയിച്ചുവെന്നും കൂട്ടായ ചർച്ചകൾക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐക്ക് ലഭിച്ച രാജ്യസഭാ സീറ്റിൽ ഇന്ന് തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും എന്നാണ് സൂചന.സിപിഎമ്മിൻ്റെ സ്ഥാനാത്ഥിയേയും വൈകാതെ പ്രഖ്യാപിക്കും.