രാജ്യസഭാ സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിൽ നിരാശയില്ലെന്ന് എം ലിജു. പാർലമെൻററി രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നു.കോൺഗ്രസ് സ്ഥാനാർത്ഥി ജെബി മേത്തറിന് എല്ലാവിധ പിന്തുണയും നൽകും. കെ സുധാകരനൊപ്പം രാഹുൽ ഗാന്ധിയെ കണ്ട വാർത്ത തെറ്റാണെന്നും എം ലിജു പറഞ്ഞു. കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ചർച്ചകളിൽ അവസാനം വരെ സജീവമായി പറഞ്ഞുകേട്ട പേരാണ് കോൺഗ്രസ് നേതാവ് എം ലിജുവിന്റെത്.
എം ലിജു പറഞ്ഞത്
‘കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി സംസ്ഥാന മഹിളാ കോൺഗ്രസിന്റെ അധ്യക്ഷ ജെബി മേത്തറെ തീരുമാനിച്ച കാര്യത്തെ പൂർണ്ണ മനസോടെ പിന്തുണയ്ക്കുന്നു. കോൺഗ്രസ് പാർട്ടിയിൽ നിരവധി നേതാക്കന്മാരുണ്ട് ഒരു സീറ്റിലേക്ക് നിരവധിപേരെ പരിഗണിക്കുന്നത് സ്വാഭാവികമാണ്. പക്ഷെ അവസാനമൊരു തീരുമാനം എടുക്കുമ്പോൾ പൂർണ്ണ മനസോടെ അംഗീകരിക്കുക എന്നതാണ് കോൺഗ്രസ് പ്രവർത്തകർ ചെയ്യേണ്ടത് ഞാൻ അത് ചെയ്യുന്നു.നൂറ് ശതമാനവും സ്വാഗതം ചെയ്യുന്നു. ചർച്ചകൾ ഉയർന്നു വരുമ്പോഴും ആത്യന്തികമായ തീരുമാനം ഹൈക്കമാൻഡാണ് എടുക്കേണ്ടത്. ഒരു സ്ഥാനം കിട്ടിയില്ല എന്ന് കരുതി നിരാശനാകുന്നയാളല്ല ഞാൻ. ഞാൻ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത് സ്ഥാനങ്ങൾ ലക്ഷ്യമിട്ടല്ല. കോൺഗ്രസിനെ എനിക്ക് ഇഷ്ടമാണ് കോൺഗ്രസിന്റെ ആദർശങ്ങളോട് ജനാധിപത്യ മതേതര സ്വഭാവത്തോട് ഇഷ്ടപ്പെട്ട് വന്നയാളാണ് ഞാൻ.അതുകൊണ്ടുതന്നെ സ്ഥാനം കിട്ടാത്തതിൽ നിരാശയില്ല. കിട്ടായാലും അമിത സന്തോഷവുമില്ല. കെ സുധാകരനൊപ്പം രാഹുൽ ഗാന്ധിയെ കണ്ട വാർത്ത തെറ്റാണ്. അദ്ദേഹം എന്നെയും കൂട്ടി കണ്ടു എന്നത് തെറ്റായ പ്രചരണമാണ്. അദ്ദേഹത്തിന് എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികളും ഒരുപോലെയാണ്’.