//
23 മിനിറ്റ് വായിച്ചു

‘പരാതിക്കാരിയുടെ ശ്രമം ബ്ലാക്ക് മെയില്‍ ചെയ്യാന്‍’; സിനിമയില്‍ അവസരങ്ങള്‍ ലക്ഷ്യമിട്ട് ബന്ധം സ്ഥാപിച്ചെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിജയ് ബാബു

ബലാത്സംഗം ചെയ്‌തെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയില്‍. താനുമായി ബന്ധം സ്ഥാപിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാനും സിനിമയില്‍ കൂടുതല്‍ അവസരം നേടാനുമാണ് പരാതിക്കാരി ലക്ഷ്യമിട്ടതെന്ന് വിജയ് ബാബു ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. താന്‍ നിര്‍മ്മിച്ച ഒരു ചിത്രത്തില്‍ നേരിട്ട് അവസരം ചോദിച്ചപ്പോള്‍ ഓഡിഷനില്‍ പങ്കെടുക്കാനാണ് പരാതിക്കാരിയോട് നിര്‍ദ്ദേശിച്ചത്. ഓഡിഷനിലൂടെ കഥാപാത്രം ലഭിച്ച ശേഷം നടി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും ജാമ്യഹര്‍ജിയില്‍ വിജയ് ബാബു പറയുന്നു.’പരാതിക്കാരി രാത്രി വൈകി വിളിക്കുകയും ആയിരക്കണക്കിന് മെസ്സേജുകള്‍ അയക്കുകയും ചെയ്തിരുന്നു. എന്റെ കുടുംബ പശ്ചാത്തലത്തേക്കുറിച്ച് അവര്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. ഞാനുമായി ബന്ധം തുടരാന്‍ പരാതിക്കാരി നിരന്തരം പ്രയത്‌നിച്ചുകൊണ്ടിരുന്നു. സിനിമാ മേഖലയില്‍ കൂടുതല്‍ അവസരം നേടുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് ഇപ്പോള്‍ മനസിലാക്കുന്നു,’ വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചു.’വാട്‌സാപ്പിലും ഇന്‍സ്റ്റഗ്രാമിലുമായി പരാതിക്കാരി അവരുടെ മൊബൈല്‍ നമ്പറില്‍ നിന്ന് അയച്ച അയച്ച എല്ലാ സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സി മുന്‍പാകെ ഇത് ഹാജരാക്കാന്‍ തയ്യാറാണ്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവസരം ഒരുക്കിത്തരണം. പരാതിക്കാരി പരാതിയില്‍ ആരോപിച്ചിരിക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. നിലവില്‍ എന്റെ പക്കലുള്ള വിവരങ്ങള്‍ ഹാജരാക്കാന്‍ പറ്റാത്ത അവസ്ഥയിലാണുള്ളത്. ഈ വിവരങ്ങളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചുകൊണ്ട് അവയുടെ കോപ്പി ഹൈക്കോടതി മുന്‍പാകേയും പ്രോസിക്യൂഷനും കൈമാറാന്‍ തയ്യാറാണ്.’ ബലാത്കാരത്തിലൂടെ തന്നോട് ലൈംഗീക അതിക്രമം നടത്തിയെന്ന് ആരോപിക്കുന്ന പരാതിയിലൂടെ പരാതിക്കാരി ശ്രമിക്കുന്നത് ബ്ലാക്ക് മെയില്‍ ചെയ്യാനാണെന്നും വിജയ് ബാബു ആരോപിച്ചു.

‘തീര്‍ച്ചയായും പരാതിക്കാരിക്ക് ഏത് വ്യക്തിക്കെതിരേയും ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ, ആരോപണത്തിലെ സത്യസന്ധത വിലയിരുത്താനുള്ള ചുമതല ബന്ധപ്പെട്ട അധികാരികള്‍ക്കുണ്ട്. വാസ്തവമെന്ന് തെളിയിക്കാനാകാത്ത ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും കളങ്കപ്പെടുത്തുന്നതിനും മുന്‍പാണ് ഈ ഇടപെടല്‍ ഉണ്ടാകേണ്ടത്. മാധ്യമങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം എത്രയും പെട്ടെന്ന് അറസ്റ്റ് നടത്തി അദ്ധ്യായം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.’ എഫ്‌ഐആര്‍ അപ് ലോഡ് ചെയ്യുന്നതിന് മുന്‍പ് തന്നെ അച്ചടി മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വിവരങ്ങള്‍ ലഭ്യമാണെന്നും വിജയ് ബാബു ജാമ്യാപേക്ഷയില്‍ കുറ്റപ്പെടുത്തുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം വിധം പറയും.2022 മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെ കൊച്ചിയിലെ ഫ്‌ളാറ്റിലും ആഡംബര ഹോട്ടലിലുമായി വിജയ് ബാബു പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ശാരീരികമായി ആക്രമിച്ചെന്നുമാണ് നടിയുടെ പരാതി. ഏപ്രില്‍ 22നാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ നടി പരാതി നല്‍കിയത്. വിജയ് ബാബുവിനെതിരെ ഇന്നലെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമേ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്. ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തോളം വിജയ് ബാബുവില്‍ നിന്നും ശാരീരികവും മാനസികവുമായി പീഡനം നേരിടേണ്ടി വന്നെന്നും മദ്യം നല്‍കി പലപ്പോഴും ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി ആരോപിക്കുന്നു. തന്റെ നഗ്ന വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകര്‍ക്കുമെന്നു വിജയ് ബാബു ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!