റേഷന്‍കട വിജിലന്‍സ് സമിതിയില്‍ ചട്ട ഭേദഗതിക്ക് വീണ്ടും ഭക്ഷ്യവകുപ്പ്. നിയമ വകുപ്പിന്റെ അംഗീകാരമില്ലാത്തതിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്ന ഭേദഗതിയാണ് ഭക്ഷ്യവകുപ്പ് വീണ്ടും കൊണ്ടുവരുന്നത്. വിജ്ഞാപനത്തിന്റെ കരട് നിയമ വകുപ്പിന് അയച്ചു
പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും റേഷന്‍ കടകളിലെ ക്രമക്കേടുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഭക്ഷ്യ ഭദ്രതാ നിയമത്തില്‍ ഭേദഗതി വരുത്തുന്നത്. നേരത്തെ ഇതിനായി വിജ്ഞാപനം പുറപ്പെടുവിച്ചുവെങ്കിലും നിയമവകുപ്പ് അറിയാതെ വിജ്ഞാപനമിറക്കാന്‍ പാടില്ലെന്ന് നിയമ വകുപ്പ് വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ഭക്ഷ്യ വകുപ്പ് വിജ്ഞാപനം പിന്‍വലിച്ചു. എന്നാല്‍ നിയമഭേദഗതിയില്‍ നിന്നും പിന്നോക്കം പോകണ്ടേതില്ലെന്നാണ് ഭക്ഷ്യ വകുപ്പിന്റെ നിലപാട്.
അതിനാല്‍ ഭക്ഷ്യഭദ്രതാ നിയമത്തിലെ ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനം. ഇതിന്റെ കരട് തയാറാക്കി നിയമ വകുപ്പ് അയച്ചു. റേഷന്‍കട വിജിലന്‍സ് സമിതിയില്‍ വാര്‍ഡ് മെമ്പറെ സമിതിയുടെ ചെയര്‍മാനാക്കാന്‍ ഭേദഗതിയില്‍ ശുപാര്‍ശ ചെയ്യുന്നു. പഞ്ചായത്ത് പ്രസിഡന്റും മേയറും ചെയര്‍മാനായ നിലവിലുള്ള സംവിധാനം പരാജയമെന്നാണ് ഭക്ഷ്യ വകുപ്പിന്റെ വിലയിരുത്തല്‍. സമിതികള്‍ യഥാസമയം യോഗം ചേരുന്നില്ലെന്നും കണ്ടെത്തി.