സമസ്ത അവാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാനുണ്ടെന്നും പ്രതികരണം അതിനുശേഷമാകാമെന്നുമുള്ള നിലപാടിലാണ് വിദ്യാഭ്യാസമന്ത്രി. കേന്ദ്രമന്ത്രി പറഞ്ഞതുകൊണ്ട് മിണ്ടേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ അപ്പൂപ്പനെന്ന് സ്വയം വിശേഷിപ്പിക്കുന്ന വിദ്യാഭ്യാസമന്ത്രി പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനി അപമാനിതയായ സംഭവത്തില്‍ പ്രതികരിക്കാത്തതെന്തെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് വിദ്യാഭ്യാസമന്ത്രിയുടെ പരാമര്‍ശങ്ങള്‍.സംഭവത്തെ അപലപിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കേന്ദ്രമന്ത്രി രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഈ വിധമൊരു സംഭവം നടന്നിട്ടും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ കെപിസിസി അധ്യക്ഷനോ അതിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്ന് വി മുരളീധരന്‍ ചോദിച്ചു. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്നിരിക്കെ ശക്തമായ നടപടി സ്വീകരിക്കണമായിരുന്നുവെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കേരളം ഭരിക്കുന്നത് താലിബാനല്ലെന്ന് പറയാനുള്ള ആര്‍ജവമെങ്കിലും മുഖ്യമന്ത്രി കാണിക്കണമെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.