മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി കേരളത്തിലെത്തി. ഇതിന്റെ ഭാഗമായി വയനാട് ജില്ലയിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. 1500 പൊലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. ഡിഐജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലാണ് രാഹുൽ ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
രാഹുൽ ഗാന്ധി കേരളം സന്ദർശിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കാനായാണ് എകെജി സെന്ററിൽ ബോംബെറിഞ്ഞതെന്നും ഇതിന് പിന്നിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസുകാരാണെന്ന് അദ്ദേഹം പറഞ്ഞത് നേരിട്ടുകണ്ടത് പോലെയാണ്.ഇതിന് പിന്നിലെ തിരക്കഥ ഇപി ജയരാജന്റേത് മാത്രമാണ്.സിപിഐഎം ആണ് ഇതിന് പിന്നിലെന്ന് പോലും ഞാൻ പറയുന്നില്ല. ഇപി മാത്രമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും സുധാകരൻ വ്യക്തമാക്കി.